ദാഹിച്ചപ്പോൾ അധ്യാപകരുടെ കൂളറില്‍ നിന്ന് വെള്ളം കുടിച്ചു; ദലിത് വിദ്യാർഥിയെ ജാതിപറഞ്ഞ് ക്രൂരമായി മർദിച്ചതായി പരാതി
മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് അടിക്കുകയും മുതുകില്‍ ചവിട്ടുകയും ചെയ്തുവെന്ന് വിദ്യാർഥി പറഞ്ഞു
ഭരത്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ അധ്യാപകർക്കും ജീവനക്കാർക്കും വേണ്ടി സൂക്ഷിച്ചിരുന്ന കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ച ദലിത് വിദ്യാർഥിയെ ക്രൂരമായി മർദിച്ചു. സ്‌കൂൾ കാമ്പസിലെ ടാങ്കിൽ വെള്ളമില്ലാത്തതിനാലാണ് അധ്യാപകർക്ക് കുടിക്കാനായി കൊണ്ടുവെച്ച വെള്ളത്തിൽ നിന്ന് കുറച്ച് എടുത്ത് കുടിച്ചതെന്ന് മർദനമേറ്റ ഏഴാം ക്ലാസ് വിദ്യാർഥി പറയുന്നു. സെപ്തംബർ എട്ടിനാണ് സംഭവം നടന്നത്.
മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് വിദ്യാർഥി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയുടെ മുതുകിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സംഭവം നടന്ന അന്ന് രാവിലെ സ്‌കൂളിൽ പ്രാർഥനാ യോഗം നടന്നിരുന്നു. ഇതിന് ശേഷം ദാഹം അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌കൂളിലെ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം കുടിക്കാൻ പോയി. എന്നാൽ അതിൽ ജലവിതരണം ഉണ്ടായിരുന്നില്ല. ദാഹം സഹിക്കാതായതോടെ അധ്യാപകർക്കായി കൊണ്ടുവെച്ച കൂളറിൽ നിന്ന് വെള്ളം കുടിക്കുകയായിരുന്നെന്നും വിദ്യാർഥി പറയുന്നു. ഇത് കണ്ട അധ്യാപകൻ വിദ്യാർഥിയെ വടികൊണ്ട് അടിക്കുകയും ചവിട്ടുകയുമായിരുന്നു.
അധ്യാപകൻ എല്ലാവരുടെയും ജാതി ചോദിച്ചെന്നും തന്റെ ജാതി പറഞ്ഞപ്പോൾ എന്ന അടിക്കാൻ തുടങ്ങുകയായിരുന്നെന്നും കുട്ടി പറയുന്നു. മർദനത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ മാതാപിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. ജാതിവിവേചനം നടത്തിയെന്നാരോപിച്ച് അധ്യാപകനെതിരെ കുടുംബം ലോക്കൽ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. വിഷയം അന്വേഷിക്കുകയാണെന്ന് എസ്എച്ച്ഒ സുനിൽ കുമാർ പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.