ബംഗാളില്‍ വിദ്യാര്‍ഥി നേതാവിനെ വീടിന്‍റെ ടെറസില്‍ നിന്ന് തള്ളിയിട്ടുകൊന്നു; അക്രമികളില്‍ ഒരാള്‍ പൊലീസ് യൂണിഫോമിലായിരുന്നുവെന്ന് പിതാവ്
മമത സര്‍ക്കാരിന്‍റെ കടുത്ത വിമര്‍ശകനായ വിദ്യാര്‍ഥി നേതാവാണ് കൊല്ലപ്പെട്ടത്
പശ്ചിമ ബംഗാളില്‍ വിദ്യാര്‍ഥി നേതാവ് അനീഷ് ഖാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. മമത സര്‍ക്കാരിന്‍റെ കടുത്ത വിമര്‍ശകനായ വിദ്യാര്‍ഥി നേതാവാണ് കൊല്ലപ്പെട്ടത്. ഈ ക്രൂരകൃത്യം ചെയ്തവരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്ന് സി.പി.എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിലെ ഹൗറയിലാണ് 28കാരനായ അനീഷ് ഖാന്‍ കൊല്ലപ്പെട്ടത്. കൊലയാളി സംഘം അനീഷ് ഖാന്‍റെ വീട്ടിലെത്തി ടെറസില്‍ നിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയത് വെള്ളിയാഴ്ച രാത്രിയാണ്. പുലർച്ചെ ഒരു മണിയോടെയാണ് നാല് പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്ന് അനീഷിന്റെ പിതാവ് സലാം ഖാൻ പറഞ്ഞു. അവരിൽ ഒരാൾ പൊലീസ് യൂണിഫോമിലായിരുന്നു. ഒരാള്‍ തന്‍റെ നേരെ തോക്കുചൂണ്ടിയെന്നും പിതാവ് പറഞ്ഞു. എന്നാൽ അനീഷ് ഖാന്‍റെ വീട്ടിലേക്ക് ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനോ ചോദ്യം ചെയ്യലിനോ ആരെയും അയച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐ.എസ്.എഫ്) വിദ്യാർഥി വിഭാഗം നേതാവായിരുന്നു അനീഷ് ഖാന്‍. നേരത്തെ എസ്.എഫ്.ഐ നേതാവായിരുന്നു. കൊൽക്കത്തയിലെ ആലിയ സർവകലാശാലയിലെ പൂർവ വിദ്യാർഥിയാണ്. സി.എ.എ വിരുദ്ധ സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. സര്‍വകലാശാലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നയിക്കുന്നതിനിടെയാണ് അനീഷ് ഖാന്‍ കൊല്ലപ്പെട്ടത്. അനീഷിന്‍റെ കൊലപാതകത്തിന് പിന്നാലെ കൊൽക്കത്തയിലെ ക്യാമ്പസുകളില്‍ പ്രതിഷേധം ആളിക്കത്തി. ആലിയ സർവകലാശാലയിലെ വിദ്യാർഥികള്‍ മെഴുകുതിരികളേന്തി മാര്‍ച്ച് നടത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.
സി.പി.എം നേതാവ് മുഹമ്മദ് സലിമിന്‍റെ പ്രതികരണമിങ്ങനെ- "സ്വാതന്ത്ര്യാനന്തര ബംഗാളിൽ ഇത്തരമൊരു ക്രൂരമായ കൊലപാതകം നടന്നിട്ടില്ല. ആലിയ സർവകലാശാലയിൽ 137 ദിവസമായി അനീഷ് ഖാൻ പ്രതിഷേധത്തിന് നേതൃത്വം നൽകിവരികയായിരുന്നു. മമതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം അലങ്കോലമാക്കി. സർവകലാശാലയെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു അനീഷ് ഖാന്‍റെ സമരം"
സമഗ്രമായ അന്വേഷണം നടത്തി കേസിൽ ഉൾപ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് തൃണമൂല്‍ എം.എൽ.എ സുകാന്ത പാൽ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിസും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.