12,770 കോടിയുടെ കടബാധ്യത; അദാനി ഗ്രൂപ്പിന് നവി മുംബൈ വിമാനത്താവളം ഏറ്റെടുക്കാൻ എസ്ബിഐ സഹായം
വിമാനത്താവളം ഏറ്റെടുക്കാൻ ആവശ്യമായ ധനലഭ്യത ഉറപ്പ് വരുത്തിയതായി നവി മുംബൈ എയർപോർട്ട് ലിമിറ്റഡ് (എൻഎംഐഎഎൽ) ഡയറക്ടർ
12,770 കോടി രൂപയുടെ കടബാധ്യതയുള്ള അദാനി ഗ്രൂപ്പിന് നവി മുംബൈ വിമാനത്താവളം ഏറ്റെടുക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായം. ഓഹരിവിപണിയിൽ എത്തുമ്പോൾ വിൽക്കപ്പെടാത്ത ഓഹരികൾ എസ്ബിഐ ഏറ്റെടുത്താണ് സഹായം നൽകുക. ഇതോടെ വിമാനത്താവളം ഏറ്റെടുക്കാൻ ആവശ്യമായ ധനലഭ്യത ഉറപ്പ് വരുത്തിയതായി അദാനി എൻറർപ്രൈസസ് ലിമിറ്റഡിന്റെ ഉപവിഭാഗമായ (എഇഎൽ) നവി മുംബൈ എയർപോർട്ട് ലിമിറ്റഡ് (എൻഎംഐഎഎൽ) ഡയറക്ടർ വ്യക്തമാക്കിയിരിക്കുകയാണ്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് രാജ്യത്തെ നഗരങ്ങളുടെ വികസനമാണ് എൻഐഎംഎൽ ലക്ഷ്യം വെയ്ക്കുന്നെതെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. രാജ്യത്തെ എട്ടോളം വിമാനത്താവളങ്ങളാണ് പൊതു പങ്കാളിത്ത പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയത്.
കേരളാ സർക്കാരിന്റെ കടുത്ത എതിർപ്പിനിടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറിയിരുന്നു. രാജ്യാന്തര ടെർമിനലിൽ എയർപോർട്ട് ഡയറക്ടറർ സി വി രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പ് ചീഫ് എയർപോർട്ട് ഓഫീസർ ജി മധുസൂദന റാവു ചുമതലയേറ്റെടുത്തിരുന്നു. മൂന്ന് വർഷത്തേക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് നടത്തിപ്പ്.
ഏഷ്യയിലെ ഏറ്റവും സമ്പന്നൻ; അംബാനിയെ പിന്തള്ളി അദാനി ഒന്നാമത്
റിലയൻസ് ഇൻഡസ്ട്രീസ് എംഡി മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പിന്റെ തലവൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്നു. ബ്ലൂംബർഗിന്റെ ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് ഗൗതം അദാനി ഒന്നാമതെത്തിയത്. ഗൗതം അദാനിയുടെ ആസ്തി 8,850 കോടി ഡോളറായി ഉയർന്നു. അദാനിയുടെ വരുമാനത്തിൽ ഒരു വർഷം കൊണ്ട് 1,200 കോടി ഡോളറിന്റെ വർധനയാണ് ഉണ്ടായത്. 600 ദശലക്ഷം ഡോളറിന്റെ വ്യത്യാസമാണ് അദാനിയും അംബാനിയും തമ്മിലുള്ളത്.
അതേസമയം, അംബാനിയുടെ ആസ്തി ഇടിഞ്ഞു. 207 കോടി ഡോളറിന്റെ കുറവാണ് കഴിഞ്ഞ വർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് അംബാനിയുടെ ആസ്തിയിൽ ഉണ്ടായത്. 8,790 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. തുറമുഖം, ഖനി, അടക്കം വിവിധ മേഖലകളിൽ പരന്നുകിടക്കുന്നതാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യം.അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ഓഹരികളിൽ ഉണ്ടായ മുന്നേറ്റമാണ് ഗൗതം അദാനിയുടെ ആസ്തിയിൽ പ്രതിഫലിച്ചത്. അദാനി ഗ്യാസിന്റെ ഓഹരിയിൽ 2020 മുതൽ 1000 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. അദാനി എന്റർപ്രൈസസും അദാനി ട്രാൻസ്മിഷനും സമാനമായ മുന്നേറ്റമാണ് കാഴ്ച വെച്ചത്.
Debt of Rs 12,770 crore; SBI assists Adani Group to acquire Navi Mumbai Airport