ഡല്‍ഹിയിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ മരണം; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും റീ പോസ്റ്റ്‌മോര്‍ട്ടവും വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ഒരാള്‍ അറസ്റ്റിലായെന്നും പൊലീസ് പറഞ്ഞു.
ഡല്‍ഹിയിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം മേലുദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തിയത് 50 ഓളം മുറിവുകളാണ്. മാറിടം ഉള്‍പ്പെടെ മുറിച്ചു മാറ്റി കൊലപ്പെടുത്തിയിട്ടും പൊലീസ് മൗനം പാലിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും റീ പോസ്റ്റ്‌മോര്‍ട്ടവും വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ഒരാള്‍ അറസ്റ്റിലായെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ നിസാമുദ്ദീനുമായി ഇവരുടെ വിവാഹം നടന്നിരുന്നു. ഇതിന് ശേഷവും മറ്റു പുരുഷന്‍മാരുമായി ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് നിസാമുദ്ദീന്‍ ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ബന്ധുക്കള്‍ തന്നെ നേരിട്ട് തിരച്ചില്‍ നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം തിരക്കിട്ട് പോസ്റ്റുമോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.