സാരി വിലക്ക് വിവാദമുണ്ടായ റെസ്റ്റോറന്‍റ് അടച്ചുപൂട്ടി
റെസ്റ്റോറന്‍റ് പൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കാന്‍ കാരണം മറ്റൊന്നാണ്..
സാരി ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചെന്ന് ആരോപണമുയര്‍ന്ന റെസ്റ്റോറന്‍റ് പൂട്ടാന്‍ നോട്ടീസ്. ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനാണ് നോട്ടീസ് നല്‍കിയത്. ആൻഡ്രൂസ് ഗഞ്ചിലെ അൻസൽ പ്ലാസയിൽ സ്ഥിതി ചെയ്യുന്ന അക്വില റെസ്റ്റോറന്‍റിനാണ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയത്. പ്രവർത്തനം നിർത്തിയെന്ന് റെസ്റ്റോറന്‍റ് ഉടമ അറിയിച്ചു.
സെപ്തംബർ 21ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയിലാണ് ഹെല്‍ത്ത് ട്രേഡ് ലൈസന്‍സില്ലാതെയാണ് റെസ്റ്റോറന്‍റ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ഹോട്ടല്‍ നിര്‍മിച്ചതെന്നും കണ്ടെത്തി. സെപ്തംബർ 24ന് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വീണ്ടും പരിശോധന നടത്തി. അതേ വൃത്തിഹീനമയ അവസ്ഥയിലാണ് പ്രവര്‍ത്തനമെന്ന് കണ്ടെത്തി. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ വ്യാപാരം അവസാനിപ്പിക്കാനാണ് നിര്‍ദേശം. നോട്ടീസില്‍ പറയുന്നതുപോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ മറ്റൊരു അറിയിപ്പുമില്ലാതെ റെസ്റ്റോറന്‍റ് സീല്‍ ചെയ്യുമെന്നും എസ്ഡിഎംസി നോട്ടീസില്‍ വ്യക്തമാക്കി.
സാരി ധരിച്ചെത്തിയ തനിക്ക് റെസ്റ്റോറന്‍റില്‍ പ്രവേശനം നിഷേധിച്ചെന്ന് യുവതി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയതോടെയാണ് ഈ ഹോട്ടല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. റെസ്റ്റോറന്‍റ് ജീവനക്കാരുമായുള്ള തർക്കത്തിന്റെ വീഡിയോയും യുവതി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവം തെറ്റായി ചിത്രീകരിക്കപ്പെട്ടു എന്നാണ് റെസ്റ്റോറന്‍റ് ഉടമകള്‍ അവകാശപ്പെട്ടത്. നേരത്തെ ബുക്ക് ചെയ്യാതെയാണ് യുവതി എത്തിയത്. അതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഈ വാഗ്വാദത്തിനിടെ സാരി ധരിച്ചെത്തിയവരെ പ്രവേശിപ്പിക്കില്ലെന്ന് ജീവനക്കാര്‍ പറയുകയായിരുന്നുവെന്നും റെസ്റ്റോറന്‍റ് ഉടമകള്‍ പറഞ്ഞു.
എസ്ഡിഎംസി ഹൗസ് യോഗത്തിൽ ആൻഡ്രൂസ് ഗഞ്ചിലെ അഭിഷേക് ദത്തിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലർ വിഷയം ഉന്നയിച്ചു. പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിക്കുന്ന ഒരാൾക്ക് പ്രവേശനം നിഷേധിച്ചതിന് 5 ലക്ഷം രൂപ പിഴ ഈടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
"ലൈസൻസില്ലാതെ റെസ്റ്റോറന്‍റ് നിയമവിരുദ്ധമായി പ്രവർത്തിക്കുകയായിരുന്നു. ഞാൻ പ്രശ്നം ഉന്നയിച്ചതിനു ശേഷമാണ് ഹോട്ടലിന് നോട്ടീസ് നൽകിയത്. ഇപ്പോൾ റെസ്റ്റോറന്‍റ് അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. ലൈസന്‍സ് ഇല്ലാതെ റെസ്റ്റോറന്റ് എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് അന്വേഷിക്കണം".