പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തു; അറിഞ്ഞത് മൂന്ന് വർഷത്തിന് ശേഷം

കോടതി നിർദേശത്തെത്തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു

Update: 2023-07-29 06:06 GMT
Editor : Lissy P | By : Web Desk
Advertising

വാരാണസി: പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയ യുവതിയുടെ ഗർഭാശയം നീക്കം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ചോലാപൂർ ബേല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 2020 മെയ് മാസത്തിലായിരുന്നു 26കാരിയായ ഉഷ മൗര്യ കടുത്ത വയറുവേദനയായിട്ടാണ് ഗ്രാമത്തിലെ ആശാവർക്കറെ സമീപിക്കുന്നത്. ഇവരാണ് ഗോലയിലെ ഡോ. പ്രവീൺ തിവാരിയുടെ സ്വകാര്യ നഴ്‌സിങ് ഹോമിലേക്ക് ഉഷയെ കൊണ്ടുപോയത്. ഇവിടെ നടത്തിയ പരിശോധനയിൽ പിത്താശയത്തിൽ കല്ലുണ്ടെന്ന് കണ്ടെത്തി.

2020 മെയ് 28 ന്, ക്ലിനിക്കിൽ വെച്ച് പിത്താശയത്തിലെ കല്ലുകൾ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തി.രണ്ടു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു. ആ സമയത്ത് വേദനകൾക്ക് കുറവുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം ഈ മാർച്ചിൽ ഉഷക്ക് വീണ്ടും വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉഷ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിൽ യുവതിയുടെ പിത്താശയത്തിൽ കല്ല് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യുവതിയുടെ ഗർഭപാത്രം ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്.

പരിശോധനാ റിപ്പോർട്ടുകളുമായി ഉഷ വീണ്ടും ഡോ. പ്രവീൺ തിവാരിയുടെ അടുത്ത് ചെന്ന് വിശദീകരണം ആവശ്യപ്പെട്ടു. ഇയാൾ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നാണ് ഉഷ പറയുന്നതെന്ന് ടൈംസ്ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പൊലീസ് സ്റ്റേഷനുകളിൽ പല തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പ്രാദേശിക കോടതിയെ സമീപിച്ചു. ഇതിനെത്തുടർന്നാണ് ഡോക്ടർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തത്. ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചതായി ചോലാപൂർ സ്റ്റേഷൻ ഓഫീസർ രാജേഷ് ത്രിപാഠി പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News