ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകും: മഹാരാഷ്ട്ര മന്ത്രി

ഗുജറാത്തിലെ തുറമുഖത്ത് നിന്ന് 21,000 കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താതെ എന്‍സിബി ഷാരൂഖ് ഖാന് പിന്നാലെയാണെന്ന് ഛഗന്‍ ഭുജ്ബല്‍

Update: 2021-10-24 02:33 GMT
Advertising

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നാണ് മന്ത്രിയുടെ പരാമര്‍ശം.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താതെ എന്‍സിബി ഷാരൂഖ് ഖാന് പിന്നാലെയാണെന്ന് എന്‍സിപി നേതാവ് കൂടിയായ ഛഗന്‍ ഭുജ്ബല്‍ ആരോപിച്ചു. മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുംബൈയില്‍ നിന്ന് പുറപ്പെട്ട കോര്‍ഡീലിയ എന്ന ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാനും സുഹൃത്തുക്കളും അറസ്റ്റിലായത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന വാദം അംഗീകരിച്ച മുംബൈ സെഷന്‍സ് കോടതി ആര്യന്‍ ഖാന് ജാമ്യം നിഷേധിക്കുകയുണ്ടായി. ഈ മാസം 30 വരെ ആര്യന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. തുടര്‍ന്ന് ആര്യന്‍ മുംബൈ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഈ മാസം 26ന് കോടതി ഹരജി പരിഗണിക്കും.

ഷാരൂഖ് ഖാന്‍ ജയിലിലെത്തി മകനെ കണ്ടതിനു പിന്നാലെ ഷാരൂഖിന്‍റെ വസതിയിൽ എന്‍സിബി പരിശോധന നടത്തുകയുണ്ടായി. പിന്നാലെ ഷാരൂഖിന്‍റെ മാനേജർ പൂജ ദഡ്ലാനിയെ എൻസിബി ഓഫീസിൽ വിളിച്ചുവരുത്തി. എൻസിബി പൂജയുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് സൂചന. മഹാരാഷ്ട്രയെ മോശമായി ചിത്രീകരിക്കുകയാണ് എൻസിബിയുടെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമർശിച്ചു.

അതിനിടെ നടി അനന്യ പാണ്ഡെയെയും എന്‍സിബി ചോദ്യംചെയ്തു. ആര്യനും അനന്യയും തമ്മിലുള്ള ലഹരി ഇടപാട് സംബന്ധിച്ച് വാട്സ് ആപ്പ് സന്ദേശങ്ങളില്‍ നിന്ന് തെളിവ് ലഭിച്ചെന്നാണ് എന്‍സിബി അധികൃതര്‍ പറയുന്നത്. എന്നാല്‍ ആര്യൻ ഖാനുമായുള്ള വാട്സ് ആപ്പ് സംഭാഷണം എന്‍സിബി തെറ്റായി വ്യാഖ്യാനിച്ചെന്ന് അനന്യ ചോദ്യംചെയ്യലില്‍ പറഞ്ഞു. തനിക്ക് ലഹരിക്കച്ചവടമില്ലെന്നും അനന്യ മൊഴി നൽകി. ചോദ്യംചെയ്യലിന് വൈകി എത്തിയതിന് അനന്യ പാണ്ഡെയെ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ കഴിഞ്ഞ ദിവസം ശാസിച്ചു. വൈകി എത്താൻ എൻസിബി ഓഫീസ് പ്രൊഡക്ഷൻ ഹൗസല്ലെന്ന് സമീർ വാങ്കഡെ അനന്യയോട് പറഞ്ഞു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ചയും ഹാജരാകാന്‍ അനന്യയോട് ആവശ്യപ്പെട്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News