ഒമ്പത് വയസുകാരനായ മകനെ വായിൽ പേപ്പർ ബോൾ തിരുകി കൊലപ്പെടുത്തി പിതാവ്; അറസ്റ്റ്

സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Update: 2024-06-12 09:18 GMT
Advertising

ലഖ്നൗ: ഒമ്പത് വയസുകാരനായ മകനെ വായിൽ പേപ്പർ ബോൾ തിരുകിവച്ച് കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്ര താനെയിലെ കാസറ മേഖലയിലെ വാഷ്‌ലയിൽ‌ തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. സംഭവത്തിൽ 59കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വെളിവായിട്ടില്ല. വീട്ടുതർക്കങ്ങളെ തുടർന്ന് പ്രതിയും ഭാര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും കുട്ടി അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതിനിടെ, തിങ്കളാഴ്ച കുട്ടിയെ അമ്മവീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് കുടുംബക്കാർ തെരച്ചിൽ നടത്തിവരവെ ചൊവ്വാഴ്ച രാവിലെ എട്ടോടെ പിതാവിന്റെ വീട്ടിൽ കുട്ടിയുള്ളതായി കണ്ടെത്തിയെന്ന് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ കുട്ടിയുടെ വായിൽ പേപ്പർ ബോൾ തിരുകിവച്ചിരിക്കുന്നതും മൂക്കിൽ നിന്ന് രക്തം ഒഴുകുന്നതും കണ്ടെത്തി. ഭാര്യ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതിന് ശേഷം ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തിങ്കൾ രാത്രിയും ഇയാൾ മദ്യപിക്കുകയും നോട്ട്ബുക്ക് പേപ്പറുകൾ ചുരുട്ടി പന്ത് രൂപത്തിലാക്കി കുട്ടിയുടെ വായിൽ തിരുകിക്കയറ്റുകയും തുടർന്ന് ശ്വാസംമുട്ടി മരണം സംഭവിക്കുകയുമായിരുന്നെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ വിശദമാക്കി.

സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പ്രതിക്കെതിരെ ഐപിസി 302 (കൊലപാതകം) വകുപ്പ് പ്രകാരം കേസെടുത്തതായും അറസ്റ്റ് ചെയ്തതായും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News