10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികളര്‍പ്പിച്ച് വിദ്യാര്‍ഥികള്‍
ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥികളാണ് പോസ്റ്ററുകൾ എഴുതി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്
ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ അർപ്പിച്ച് ഡല്‍ഹിയില്‍ പ്രതിഷേധം. ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥികളാണ് പോസ്റ്ററുകൾ എഴുതി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പത്ത് വർഷമായി അനാരോഗ്യത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച കമ്മീഷന്‍റെ വേർപാട് ദുഃഖത്തോടെ അറിയിക്കുന്നുവെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
‘സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ 10 വർഷമായി അനാരോഗ്യത്തെ തുടർന്ന് ആരോഗ്യനില വഷളായതോടെ ഐസിയുവിൽ അടുത്തിടെ പ്രവേശിപ്പിച്ചതിനും ശേഷം 2024 ഏപ്രിൽ 21ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തരിച്ചുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു’- എന്നാണ് പോസ്റ്ററിൽ ഉള്ളത്. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനൊപ്പം പുതുതായി നിയമിതരായ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, ഡോ. സുഖ്ബീർ സിംഗ് സന്ധു എന്നിവരുടെ ചിത്രങ്ങളും മാലയിട്ട പോസ്റ്ററിൽ ഉണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‍ലിംങ്ങളെ അപമാനിച്ചുവെന്ന് നിയമവിദ്യാര്‍ഥിയായ മണിക് ഗുപ്ത പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രതിഷേധം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേരാണ് വിദ്യാര്‍ഥികളെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്. "യുവാക്കൾ സത്യം പറയുകയും അതിനനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്താൽ ഇനിയും പ്രതീക്ഷയുണ്ടെന്ന്" നെറ്റിസണ്‍സ് കുറിച്ചു. ''വളരെ നന്നായിട്ടുണ്ട് , ഇവരുടെ ചരമവാര്‍ത്ത പത്രങ്ങളിലും നല്‍കണം'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
അതിനിടെ നരേന്ദ്ര മോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. യുപിയിലെ പിലിഭിത്തിലെ രാമക്ഷേത്രം സംബന്ധിച്ച പരാമർശത്തിലെ പരാതി കമ്മീഷൻ തള്ളി. സിഖ് വിശുദ്ധ ഗ്രന്ഥം രാജ്യത്ത് എത്തിക്കാൻ എടുത്ത നടപടി വിശദീകരിച്ചതിൽ ചട്ടലംഘനമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. രാജസ്ഥാനിൽ നടത്തിയ മുസ്‍ലിംങ്ങൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. തിങ്കളാഴ്ച 11മണിക്കാണ് വിശദീകരണം നല്‍കേണ്ടത്.
മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പരാതി നൽകി മൂന്നുദിവസം പിന്നീടുമ്പോഴും നടപടിയെടുക്കാത്തതില്‍ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരാതി പരിശോധിച്ച് വരികയാണെന്നായിരുന്നു കമ്മീഷന്‍ നല്‍കിയ വിശദീകരണം. അയോധ്യയിലെ രാമക്ഷേത്രത്തോട് കോൺഗ്രസിനും സമാജ് വാദിക്കും പണ്ടേ ഇഷ്ടവുമില്ലെന്നും ക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുത്തില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് നരേന്ദ്ര മോദി പിലിഭിത്തിൽ ഉന്നയിച്ചത് . സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിച്ചതും കർത്താർപൂര്‍ ഇടനാഴിയിലെ വിക സനവും എടുത്തു പറഞ്ഞത്, മതം ഉപയോഗിച്ചുള്ള വോട്ട് തേടൽ ആണെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം.കഴിഞ്ഞ ഒൻപതാം തിയതി നടത്തിയ പ്രസംഗത്തിൽ പത്താം തിയതി തന്നെ സുപ്രിംകോടതി അഭിഭാഷകനായ ആനന്ദ് ജോൺ ഡെയ്ൽ കമ്മീഷന് പരാതി നൽകിയിരുന്നു . പരാതി കമ്മീഷൻ മൗനം പാലിച്ചതോടെ , നടപടിയെടുക്കാൻ നിർദേശം നല്കണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയിലെത്തി . ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ പ്രധാനമന്ത്രി സംസാരിച്ചില്ല എന്ന കമ്മീഷൻ കണ്ടെത്തൽ . സിഖ് വിഷയത്തിൽ ഭരണനേട്ടം എണ്ണിപ്പറയുകയാണ് മോദി ചെയ്തത്, എന്നായിരുന്നു ന്യായീകരണം. പ്രധാനമന്തിക്കെതിരായ പരാതിയിൽ ആദ്യമായിട്ടാണ് കമ്മീഷൻ തീർപ്പ് കല്‍പിച്ചിരിക്കുന്നത് .
ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്നാണ് മോദി പറഞ്ഞത്.രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. വിവാദ പ്രസംഗത്തിനെതിന് പിന്നാലെ മോദിക്ക് എതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നു എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.