വോട്ടിങ് മെഷീനുകളിലെ കൃത്രിമം: കോൺഗ്രസിന്റെ ചോദ്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണം; കപിൽ സിബൽ
തെരഞ്ഞെടുപ്പിൽ ഇവിഎമ്മുകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നാണ് തൻ്റെയും അഭിപ്രായമെന്നും സിബൽ
ന്യൂഡൽഹി: സമീപകാലത്ത് നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനുകളെ സംബന്ധിച്ച് കോൺഗ്രസ് ഉയർത്തിയ ചോദ്യങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്ന് രാജ്യസഭാ എംപി കപിൽ സിബൽ. തെരഞ്ഞെടുപ്പിൽ ഇവിഎമ്മുകളുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നാണ് തൻ്റെയും അഭിപ്രായമെന്നും സിബൽ കൂട്ടിച്ചേർത്തു.
ഹരിയാന തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ സമയത്ത് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തെരഞ്ഞെടപ്പുകളിൽ ഇവിഎമ്മുകളുടെ ദുരുപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്ന് താൻ സംശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ താൻ തുടക്കം മുതൽ പറഞ്ഞിരുന്നു. കപിൽ കൂട്ടിച്ചേർത്തു.
99 ശതമാനം ബാറ്ററി കാണിച്ച വോട്ടിങ് മെഷിനുകളിൽ ബിജെപി വിജയിച്ചു. 60 മുതൽ 70 ശതമാനം വരെ ബാറ്ററി കാണിച്ച വോട്ടിങ് മെഷിനുകളിൽ കോൺഗ്രസും. ഇതിൽ കൃത്രിമം സംശയിക്കുന്നതായി ആരോപിച്ചായിരുന്നു കോൺഗ്രസിന്റെ നീക്കം. തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ അട്ടിമറി നടന്നതായി വിവിധ ഇടങ്ങളിൽ നിന്ന് പാർട്ടിക്ക് ഗൗരവകരമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ കൂടുതലും കൗണ്ടിങ് നടപടിയെ കുറിച്ചും ഇവിഎം മെഷീനെ കുറിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് കമ്മീഷനെ സമീപിച്ചത്.
ഹിസാർ, മഹേന്ദ്രഗഡ്, പാനിപ്പത്ത് ജില്ലകളിൽ നിന്നുമാണ് ഇവിഎമ്മിനെതിരായ പരാതികൾ ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകർ നൽകിയ പരാതികളും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടുണ്ട്. തങ്ങളിൽ നിന്ന് വിജയം തട്ടിപ്പറിച്ചുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചരുന്നു.
10 വർഷത്തെ ഭരണ വിരുദ്ധതയും പ്രകടമായ കർഷക ദുരിതവും അതിജീവിച്ച് 90 അംഗ സഭയിൽ 48 സീറ്റുകളുമായി ബിജെപി ഭൂരിപക്ഷം നേടിയപ്പോൾ കോൺഗ്രസ് 37 സീറ്റുകളിൽ ഒതുങ്ങി. തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനം പരിശോധിച്ചാൽ ബിജെപിയോട് കോൺഗ്രസ് പരാജയപ്പെട്ടത് വെറും 0.9 പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ്. ബിജെപി 39.94 ശതമാനം വോട്ട് നേടിയപ്പോൾ കോൺഗ്രസിന് ലഭിച്ചത് 39.09 ശതമാനം വോട്ടാണ്. 0.9 ശതമാനം വോട്ട് വിഹിതം എന്നത് സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വ്യത്യാസം കൂടിയാണ്. തലനാരിഴയ്ക്ക് വിജയം നഷ്ടപ്പെട്ടതോടെയാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് അട്ടിമാറി ആരോപണം.