പേടിഎമ്മിനെതിരെ ഇ.ഡി അന്വേഷണം

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് അന്വേഷണം

Update: 2024-02-14 09:36 GMT
Advertising

ഡൽഹി: പേടിഎം ബാങ്കിംഗ് ആപ്പിന് എതിരെ അന്വേഷണം. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് അന്വേഷണം. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് അന്വേഷണം നടത്തുക.

പേയ്മെന്‍റ് ബാങ്കിന്‍റെ മറവിൽ വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചുവെന്നതും കള്ളപ്പണം വെളുപ്പിച്ചുവെന്നതുമാണ് പേടിഎം നേരിടുന്ന ആരോപണം. ഫെമ ലംഘനങ്ങളിൽ പേടിഎം പേയ്‌മെൻ്റ് ബാങ്കും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക് (ആർ.ബി.ഐ) നേരത്തെ ഉത്തരവിറക്കിയിയിരുന്നു. 2024 ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താനാണ് ആർ.ബി.ഐ നിർദേശം. എല്ലാവിധ പണമിടപാടുകളും ഡിജിറ്റലായി മാറിയ കാലത്ത് ഇന്ത്യയിൽ കോടിക്കണക്കിനാളുകൾ ആശ്രയിക്കുന്ന യു.പി.ഐ ആപ്പാണ് പേടിഎം.

2024 ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് ആർ.ബി.ഐ മുന്നോട്ടുവെച്ചത്. എന്നാൽ, പേടിഎം യൂസർമാർ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സ്ഥാപകൻ വിജയ് ശേഖര്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 29 ന് ശേഷവും പേടിഎം ആപ്പ് സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. പേടിഎം ഉപയോക്താക്കൾക്ക് അഭിവാദ്യമർപ്പിച്ച അദ്ദേഹം എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടെന്നും ചൂണ്ടിക്കാട്ടി.

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (ഒ.സി.എല്‍) മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. അതുകൊണ്ട് പേടിഎം പേയ്മെന്റ്‌സ് ബാങ്കിന് വിലക്ക് വീണാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാന്‍ കമ്പനിക്ക് കഴിയും. പുതിയ പേടിഎം വാലറ്റ് തുറക്കാൻ കഴിയില്ലെങ്കിലും നിലവിൽ വാലറ്റുള്ളവർക്ക് അതിൽ ബാലൻസ് ടോപ് അപ് ചെയ്യാനും ഇടപാടുകൾ നടത്താനും തടസമുണ്ടാകില്ല.

എന്നാൽ, പേടിഎം പേയ്മെന്റ്സ് ബാങ്കിലൂടെ ഇടപാടുകളൊന്നും സാധ്യമാകില്ല. പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ യു.പി.ഐ അഡ്രസുള്ളവർക്ക് യു.പി.ഐ ഇടപാടുകൾ നടത്താൻ കഴിയില്ല. എന്നാൽ, മറ്റുള്ള ബാങ്കിന്റെ യു.പി.ഐ ഐഡികൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താം. റിസർവ് ബാങ്കിന്‍റെ ചട്ടങ്ങളിൽ തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുണ്ടെന്ന എക്സ്റ്റേണൽ ഓഡിറ്റ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News