ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി
ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിൽ നിന്ന് പോലും വിട്ടുനിൽക്കും
മുംബൈ: വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. മുംബൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ നിലവിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് ശിവസേനാ നേതാവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ദേവേന്ദ്ര ഫഡ്നവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം. എന്നാൽ അദ്ദേഹം മന്ത്രിസഭയിൽ നിന്ന് പോലും വിട്ടുനിൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
ഉദ്ധവ് താക്കറെ രാജിവെച്ചതോടെയാണ് ശിവസേനാ വിമത വിഭാഗവുമായി ചേർന്ന് ബി.ജെ.പി അധികാരത്തിലേറുന്നത്. 16 എംഎൽഎമാരുടെ അയോഗ്യതാ നടപടി സുപ്രിംകോടതിയുടെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചെറിയ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നത്. പെട്ടെന്ന് അധികാരം ഏറ്റെടുക്കുകയാണ് ലക്ഷ്യം.
ഫഡ്നവിസും ഷിൻഡെയും ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് ഗവർണർ ഭഗത് സിങ് കോശിയാരിയെ കണ്ട് സർക്കാർ രൂപവത്കരിക്കാൻ അവകാശ വാദം ഉന്നയിയിച്ചിരുന്നു. അൽപ്പ സമയം മുമ്പേയാണ് ഷിൻഡെ ഗോവയിൽ നിന്ന് മുംബൈയിലെത്തിയത്. 49 ശിവസേന എംഎൽമാരുടേത് ഉൾപ്പെടെയുള്ള പിന്തുണ കത്താണ് അദ്ദേഹം നൽകിയിട്ടുള്ളത്. ഷിൻഡെ ഒഴികെയുള്ള ബാക്കി 48 വിമത ശിവസേനാ എംഎൽഎമാർ ഗോവയിലെ റിസോട്ടിലാണുള്ളത്.
ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ താമസിച്ച് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തിനൊടുവിൽ 13 എംഎൽഎമാർ മാത്രമാണ് ഉദ്ധവിനൊപ്പമുള്ളത്. ഗുജറാത്തിലെ സൂറത്തിലേക്കാണ് വിമതർ ആദ്യം പോയത്. പിന്നീട് അസം ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിലും ഇപ്പോൾ ഗോവയിലുമാണ് അവർ താമസിക്കുന്നത്.
അധികാര മോഹമല്ല, ആശയപ്രതിബദ്ധതയാണ് തങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് വിമത വക്താവ് ദീപക് കേസർകർ പറഞ്ഞു. ശിവസേനയിൽ ആരും താക്കറെ കുടുംബത്തിന് എതിരല്ലെന്നും ഉദ്ധവിനെ ഇപ്പോഴും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഉദ്ധവിന്റെ ഭരണം അട്ടിമറിച്ചതിന് പിറകേ ശിവസേനയെയും കയ്യിലൊതുക്കാൻ ഏക്‌നാഥ് ഷിൻഡെ വിമത വിഭാഗം ഒരുങ്ങുന്നു. പാർട്ടിയുടെ നിയമസഭാ കക്ഷിനേതാവാണെന്ന് അവകാശപ്പെട്ട് ഷിൻഡെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചു. പാർട്ടി ചിഹ്നത്തിൽ വിജയിച്ചവരെയെല്ലാം ഷിൻഡെ ഔദ്യോഗികമായി കത്തയച്ച് യോഗത്തിലേക്ക് വിളിക്കുകയായിരുന്നു.
വിമത വിഭാഗം താമസിക്കുന്ന ഗോവയിലെ ഹോട്ടലിലാണ് യോഗം നടക്കുക. അസമിലെ ഗുവാഹത്തിയിലുള്ള ആഡംബര ഹോട്ടലിൽ കഴിഞ്ഞിരുന്ന വിമതർ കഴിഞ്ഞ ദിവസമാണ് ഗോവയിലെത്തിയത്. എന്നാൽ ഈ വിപ്പിനെതിരെ താക്കറെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ഷിൻഡെ നേതൃപദവിയിൽ നിന്ന് നേരത്തെ മാറ്റിയതാണെന്നും അതിനാൽ ശിവസേനാ എംഎൽഎമാരുടെ യോഗം വിളിച്ചു ചേർക്കാൻ അർഹതയില്ലെന്നുമാണ് അവർ വാദിക്കുന്നത്.
വിമത പ്രവർത്തനം തുടങ്ങി നിരവധി ശിവസേനാ എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയതിനെ തുടർന്ന് ഷിൻഡെയെ ഉദ്ധവിന്റെ നേതൃത്വത്തിലുള്ള വിഭാഗം നിയമസഭാകക്ഷിയുടെ നേതൃപദവിയിൽ നിന്ന് മാറ്റിയിരുന്നു. തുടർന്ന് അജയ് ചൗധരിയെ സ്ഥാനത്തേക്ക് നിയമിച്ചിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിക്കാതെയാണ് ഷിൻഡെ എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നത്.
ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി മുന്നണി ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്ന് സുപ്രിംകോടതി ഇന്നലെ വിധിച്ചിരുന്നു. ഇതിനെ തുടർന്ന് ഉദ്ധവ് ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, ഭരണം നഷ്ടപ്പെട്ടെങ്കിലും മഹാവികാസ് അഘാഡി മുന്നണിയിൽ ശിവസേനയോടൊപ്പം തുടരാനാണ് തങ്ങളുടെ താൽപര്യമെന്നണ് എൻസിപി അറിയിക്കുന്നത്.