മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതം; വിമത ഭീഷണിയിൽ പാർട്ടികൾ
തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം
ന്യൂഡൽഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കി പാർട്ടികൾ. മഹാരാഷ്ട്രയിൽ വിമതരെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് മുന്നണികൾ.
ജാർഖണ്ഡിൽ 13ന് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ബിജെപി ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. റാഞ്ചിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ്. കേന്ദ്ര മന്ത്രി ശിവരാജ് ചൗഹാനും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പരിപാടിയിൽ പങ്കെടുക്കും. ശേഷം നടക്കുന്ന മൂന്ന് തെരഞ്ഞെടുപ്പ് റാലികളിലും അമിത് ഷാ സംസാരിക്കും.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാർഖണ്ഡിൽ എത്തും. ആകെ 81സീറ്റുകളിൽ 68 ഇടത്തും ബിജെപി ആണ് മത്സരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തയാഴ്ച സംസ്ഥാനത്ത് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകും.
അതേസമയം മഹാരാഷ്ട്രയിൽ മുന്നണികൾക്കിടയിൽ പ്രതിസന്ധികൾ ഉണ്ടെങ്കിലും പ്രചാരണം ശക്തമാക്കി മുന്നോട്ടുപോവുകയാണ് പാർട്ടികൾ.ശക്തമായ പോരാട്ടം നടക്കുന്ന സീറ്റുകളിൽ വിമതരുടെ സാന്നിധ്യം പാർട്ടികൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. അതിന് മുൻപായി വിമതരെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള നീക്കത്തിലാണ് മുതിർന്ന നേതാക്കൾ. ഇൻഡ്യ സഖ്യത്തിന്റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി ബുധനാഴ്ച മഹാരാഷ്ട്രയിൽ എത്തും. നാഗ്പൂരിലെ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ മഹാ റാലിക്ക് രാഹുൽ ഗാന്ധി നേതൃത്വം നൽകും.