ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: ത്രികോണപ്പോരിൽ ആര് നേടും?

ഫെബ്രുവരി അഞ്ചിനാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്.

Update: 2025-01-08 12:22 GMT
Advertising

ന്യൂഡൽഹി: മൂന്ന് ദേശീയ പാർട്ടികൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കാൻ പോകുന്നത്. ഫെബ്രുവരി അഞ്ചിനാണ് തലസ്ഥാനം ആര് ഭരിക്കണമെന്ന് ഡൽഹിയിലെ ജനങ്ങൾ വിധിയെഴുതാൻ പോകുന്നത്. എട്ടിനാണ് ഫലപ്രഖ്യാപനം. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും പ്രധാന പ്രതിപക്ഷമായ ബിജെപിയും പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. എഎപി ഇതിനകം തന്നെ 70 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായിട്ടില്ല.

മൂന്നാമൂഴം തേടി എഎപി

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ ഭാഗമായി പൊതുരംഗത്തെത്തിയ അരവിന്ദ് കെജ്‌രിവാൾ 2012ലാണ് ആം ആദ്മി പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയത്. 2013ൽ ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ എഎപി മികച്ച പ്രകടനമാണ് നടത്തിയത്. 69 സീറ്റിൽ മത്സരിച്ച എഎപി 28 സീറ്റിൽ വിജയിച്ചു. 1998 മുതൽ 15 വർഷമായി തലസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് എട്ട് സീറ്റിലേക്ക് ചുരുങ്ങി. ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ കോൺഗ്രസ് പിന്തുണയോടെ കെജ്‌രിവാൾ മുഖ്യമന്ത്രിയായെങ്കിലും 49 ദിവസത്തിന് ശേഷം രാജിവെച്ചു.

2015ൽ 67 സീറ്റും 2020ൽ 62 സീറ്റും നേടി അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടി ഡൽഹിയിൽ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി വളരുന്നതാണ് പീന്നീട് രാജ്യം കണ്ടത്. രണ്ട് തെരഞ്ഞെടുപ്പുകളിൽ ബിജെപി ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയപ്പോൾ ഒന്നര പതിറ്റാണ്ട് തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസ് പൂർണമായും തുടച്ചുനീക്കപ്പെട്ടു.

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളർന്ന പാർട്ടിയാണ് എഎപി. ഡൽഹിയിൽ മാത്രമല്ല 2022ൽ പഞ്ചാബിലും എഎപി അധികാരത്തിലെത്തി. ഡൽഹിക്കും പഞ്ചാബിനും പുറമെ മറ്റു സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കിയ എഎപിക്ക് 2022ൽ ദേശീയ പാർട്ടി പദവിയും ലഭിച്ചു. പ്രവർത്തനത്തിന്റെ രാഷ്ട്രീയവും അധിക്ഷേപത്തിന്റെ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഡൽഹിയിലെ ജനങ്ങൾ തീർച്ചയായും പ്രവൃത്തിയുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കും. തങ്ങൾ തീർച്ചയായും ജയിക്കുമെന്നും കെജ്‌രിവാൾ എക്‌സിൽ കുറിച്ചു.

അവസാന രണ്ട് വർഷം എഎപി വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ഡൽഹി മദ്യനയ അഴിമതി അടക്കമുള്ള ആരോപണങ്ങളിൽ പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണമുണ്ടായി. പാർട്ടിയുടെ ഉന്നത നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജയിൻ തുടങ്ങിയവർ അറസ്റ്റിലായത് പാർട്ടിക്ക് വലിയ തിരിച്ചടിയായി.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കെജ്‌രിവാൾ അഗ്നിപരീക്ഷ ജയിച്ച് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അതുകൊണ്ട് തന്നെ മൂന്നാമൂഴം തേടി പോരാട്ടത്തിനിറങ്ങുന്ന കെജ്‌രിവാളിന് ഈ തെരഞ്ഞെടുപ്പ് നിലനിൽപ്പിന്റെ പോരാട്ടം കൂടിയാണ്.

ബിജെപിക്ക് അഭിമാന പോരാട്ടം

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ബിജെപിക്ക് കഴിഞ്ഞ 27 വർഷമായി തങ്ങളുടെ മൂക്കിന് താഴെയുള്ള ഡൽഹി കിട്ടാക്കനിയാണ്. 1998ലാണ് ബിജെപിക്ക് ഡൽഹിയിൽ അവസാന മുഖ്യമന്ത്രിയുണ്ടായത്. സുഷമ സ്വരാജ് അന്ന് 52 ദിവസമാണ് മുഖ്യമന്ത്രി പദവിയിലിരുന്നത്.

2013ൽ ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം 33.1 ശതമാനമായിരുന്നു. 2015ൽ അത് 32.2 ശതമാനവും 2020ൽ 38.5 ശതമാനവുമായി ഉയർന്നു. വോട്ട് വിഹിതം ഉയർന്നെങ്കിലും സീറ്റുകൾ ഗണ്യമായി കുറഞ്ഞു. 2015ൽ മൂന്ന് സീറ്റും 2020ൽ എട്ട് സീറ്റുമാണ് എഎപിക്ക് നേടാനായത്.

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി നിർണായക ശക്തിയായി വളരുമ്പോഴാണ് ഡൽഹിയിൽ ഈ തിരിച്ചടി ആവർത്തിക്കുന്നത്. അതേസമയം എഎപി അധികാരത്തിലെത്തിയ ശേഷം നടന്ന മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഡൽഹിയിലെ മുഴുവൻ സീറ്റും ബിജെപി തൂത്തുവാരുകയായിരുന്നു.

ഡൽഹിയിൽ എഎപിയുടെ ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് ബിജെപി ഇത്തവണ കളത്തിലിറങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാണിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽനിർത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എഎപി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും വോട്ടാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

കോൺഗ്രസിന്റെ പ്രതീക്ഷകൾ

15 വർഷം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസ് എഎപിയുടെ വരവോടെ ഡൽഹി രാഷ്ട്രീയത്തിൽ പൂർണമായും അപ്രസക്തമാവുകയായിരുന്നു. 2013ൽ എട്ട് സീറ്റിലേക്ക് ഒതുങ്ങിയ കോൺഗ്രസ് 2015ലും 2020ലും സംപൂജ്യരായി. ദേശീയ രാഷ്ട്രീയത്തിൽ ഇൻഡ്യാ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസും എഎപിയും ഡൽഹി രാഷ്ട്രീയത്തിൽ ബദ്ധവൈരികളാണ്. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട കോൺഗ്രസ് ഡൽഹിയിൽ നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

''കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനുമെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. വിവിധ സർക്കാരുടെ പ്രവർത്തനത്തെ ജനങ്ങൾ താരതമ്യം ചെയ്യും. 15 വർഷം ഷീലാ ദീക്ഷിത് ഡൽഹി ഭരിച്ചു. കെജ്‌രിവാളിനും മൂന്ന് അവസരം ലഭിച്ചു. കെജ്‌രിവാളിന്റെ 10 വർഷത്തെ ഭരണം വിലയിരുത്തിയാൽ ജനങ്ങൾ തീർച്ചയായും ഞങ്ങൾക്ക് വോട്ട് ചെയ്യും'' - കോൺഗ്രസ് നേതാവ് അൽക ലംബ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News