'അടിസ്ഥാനരഹിതം'; ഫലം വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നത് വൈകിയെന്ന കോൺഗ്രസ് ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ തള്ളിക്കളയുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ന്യൂഡൽഹി: ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് വൈകുന്നതിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതി കമ്മീഷൻ തള്ളി. വോട്ടെണ്ണൽ പൂർണമായും സ്ഥാനാർഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിലാണ് നടന്നത്. ഏതെങ്കിലും മണ്ഡലത്തിൽ ക്രമക്കേട് നടന്നതായി ആരോപണമില്ല. ആരോപണത്തിന് എന്തെങ്കിലും തെളിവ് സമർപ്പിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഓരോ അഞ്ച് മിനിറ്റിലും തെരഞ്ഞെടുപ്പ് ഫലം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ തള്ളിക്കളയുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയത്. ഫലങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്നും കമ്മീഷന് ബിജെപി സമ്മർദമുണ്ടെന്നും ജയറാം രമേശ് ആരോപിച്ചിരുന്നു.
ഹരിയാനയിൽ ബിജെപിയും ജമ്മു കശ്മീരിൽ ഇൻഡ്യ സഖ്യവുമാണ് അധികാരത്തിലെത്തിയത്. ഹരിയാനയിൽ ആകെയുള്ള 90 സീറ്റിൽ ബിജെപി 11 സീറ്റിൽ വിജയിച്ചു. 39 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 14 സീറ്റിൽ വിജയിച്ചു. 20 സീറ്റിൽ മുന്നിട്ടുനിൽക്കുകയാണ്.
ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് 36 സീറ്റിൽ വിജയിച്ചു. ആറിടത്ത് ലീഡ് ചെയ്യുകയാണ്. ബിജെപി 26 സീറ്റിൽ വിജയിച്ചു. മൂന്നിടത്ത് ലീഡ് ചെയ്യുന്നു. കോൺഗ്രസ് ആറിടത്ത് വിജയിച്ചു. പിഡിപി മൂന്ന് സീറ്റിലും എഎപി ഒരു സീറ്റിലും വിജയിച്ചു.