ബി.ജെ.പിയുടെ വിദ്വേഷ വീഡിയോ നീക്കാൻ എക്സിനോട് നിർദേശിച്ച് തെരഞ്ഞെടുപ്പ് കമീഷൻ
കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷനുൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു
ന്യൂഡൽഹി: ബി.ജെ.പി കർണാടക കമ്മിറ്റിപ്രസിദ്ധീകരിച്ച വിദ്വേഷ വിഡിയോ നീക്കാൻ എക്സിനോട് നിർദേശിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. കോൺഗ്രസ് മുസ്‍ലിം പ്രീണനം നടത്തുകയാണെന്ന് ആരോപിക്കുന്ന ഗ്രാഫിക്സ് വിഡിയോ പ്രസിദ്ധീകരിച്ചതിലാണ് നടപടി.വിഡിയോക്കെതിരെ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് കോൺഗ്രസ് പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെ ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, സമൂഹ മാധ്യമ വിഭാഗം തലവൻ അമിത് മാളവ്യ, കർണാടക സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തിരുന്നു. തുടർന്നാണ് എക്സിനോട് വിഡിയോ നീക്കാൻ കമീഷൻ ആവശ്യപ്പെട്ടത്.ബിജെപിയുടെ കർണാടക ഘടകം മേയ് 4 നാണ് ആനിമേഷൻ വീഡിയോ പോസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിയുടെയും സിദ്ധരാമയ്യയുടേയും കാരിക്കേച്ചറുകളാണ് ബിജെപി കർണാടക ഘടകം ട്വീറ്റ് ചെയ്ത 17 സെക്കൻഡ് ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോയിൽ കാണിക്കുന്നത്. ഇരുവരും ഒരു പക്ഷിക്കൂട്ടിൽ മുസ്‌ലിം എന്ന് അടയാളപ്പെടുത്തിയ മുട്ട വയ്ക്കുന്നു, മുട്ട വിരിഞ്ഞ ശേഷം, രാഹുൽ ഗാന്ധി മുസ്‌ലിം കുഞ്ഞുങ്ങൾക്ക് ഫണ്ട് നൽകുകയും മറ്റുള്ളവർ അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു എന്ന രീതിയിലാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
സംഭവത്തിൽ മൂന്ന് നേതാക്കളടക്കമുള്ളവർക്കെതിരെ കർണാടക കോൺഗ്രസ് നിയമകാര്യ ടീം അംഗം രമേശ് ബാബു പൊലീസിൽ പരാതി നൽകുകയായിരുന്നു. വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട് നേരത്തെ കോൺഗ്രസ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.'ബിജെപിക്ക് സാമാന്യബുദ്ധി ഇല്ല. അവരുടെ ഉന്നത നേതൃത്വവും അങ്ങനെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ ഹിജാബും ബാങ്കുവിളിയും ഹലാലുമൊക്കെ പരീക്ഷിച്ചു. ആളുകൾ അംഗീകരിച്ചില്ല. ഇപ്പോഴിതാ അടുത്ത അടവുമായി ഇറങ്ങിയിരിക്കുന്നു. ഇത്തവണ അവർക്ക് ഇരട്ട അക്ക സീറ്റുകൾ പോലും വിജയിക്കില്ല'- ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. 'തങ്ങളുടെ പ്രകടനപത്രിക ജനങ്ങൾക്കിടയിൽ എത്തിച്ചതിന് കോൺഗ്രസിന് ബിജെപി നന്ദി പറയണം' എന്നായിരുന്നു കേസെടുത്തതിനെ കുറിച്ച് അമിത് മാളവ്യയുടെ പ്രതികരണം.
തെലങ്കാനയിൽ ഈ മാസമാദ്യം നടന്ന ഒരു റാലിയിൽ, താൻ ജീവിച്ചിരിക്കുന്ന കാലത്തോളം എസ്.സി- എസ്.ടി വിഭാഗങ്ങളുടെ ചെലവിൽ മുസ്ലിംകൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. തെലങ്കാനയിലെ മേദക് ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. താൻ മൂന്നാം തവണ അധികാരത്തിലെത്തുമ്പോൾ ഭരണഘടനയുടെ 75ാം വാർഷികം വിപുലമായി ആഘോഷിക്കുമെന്നും മോദി അവകാശപ്പെട്ടു.