ഒരു യുഗത്തിന് അന്ത്യം; മഞ്ഞ ടാക്‌സികൾക്ക് വിട പറയാനൊരുങ്ങി കൊൽക്കത്ത
ഊബർ, ഓല സർവീസുകളുടെ വരവും, പുതു തലമുറയുടെ താൽപര്യമില്ലായ്മയും മഞ്ഞ ടാക്സികളെ ഗുരുതരമായി ബാധിച്ചിരുന്നു
കൊൽക്കത്ത: ഹൗറ പാലത്തോളവും ഹൂഗ്ലി നദിയോളവും പേരുകേട്ടതാണ് തിരക്കുള്ള കൊൽക്കത്ത നിരത്തിലൂടെ കറുത്ത പുകപറത്തി പായുന്ന മഞ്ഞ ടാക്‌സികൾ. നഗരത്തിന്റെ പഴമയും പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന ഈ ടാക്‌സികൾ 1958 മുതലാണ് മഞ്ഞയെ തങ്ങളുടെ ഔദ്യോഗിക നിറമായി സ്വീകരിച്ചത്. ഹിന്ദുസ്ഥാൻ അംബാസഡർ കാറുകളാണ് ഈ ടാക്‌സികളിലധികവും.
എന്നാൽ ഈ മഞ്ഞ ടാക്‌സികൾക്ക് വിട പറയുകയാണ് കൊൽക്കത്ത. നഗരത്തിലെ 50 ശതമാനത്തോളം മഞ്ഞ ടാക്‌സികൾ വിശ്രമജീവിതത്തിലേക്ക് കടക്കുകയാണ്. തകരാറുകൾ പരിഹരിക്കാനുള്ള ചെലവും, പുതുതായി വന്ന വായു മലിനീകരണ മാനദണ്ഡങ്ങളും ഓല, ഊബർ പോലുള്ള കമ്പനികളുടെ ഗതാഗതമേഖലയിലേക്കുള്ള കടന്നുവരവും മഞ്ഞ ടാക്‌സികളെ ഗുരുതരമായിത്തന്നെ ബാധിച്ചിരുന്നു. ഇത് കൂടാതെ പഴയ കാറുകളുടെ ഭാഗങ്ങൾ കിട്ടാനില്ലാത്തതും ടാക്‌സി ഉടമകളെ മഞ്ഞ കാർ ഒഴിവാക്കാൻ പ്രേരിപ്പിച്ചു.
കൊൽക്കത്തയിലെ വായുമലിനീകരണ തോത് ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണ്. ഡീസൽ എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന നഗരത്തിലെ ഏഴായിരത്തോളം മഞ്ഞ കാറുകൾ വായുമലിനീകരണത്തിന് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഇത് കൂടാതെ വാഹനത്തിന്റെ ഇന്ധനക്ഷമതയും പുതിയ കാറുകളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇത് ടാക്‌സി ഉപജീവനമാക്കാൻ ശ്രമിക്കുന്ന ആളുകളെ പുതിയ വാഹനങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നു.
പുതിയ തലമുറയ്ക്ക് വേണ്ടി മാറ്റങ്ങൾ വരുത്താൻ മഞ്ഞ ടാക്‌സികൾക്കായില്ലെന്നതും മറ്റൊരു പ്രശ്‌നമാണ്. വളരുന്ന കൊൽക്കത്ത നഗരത്തിലെ പുതിയ പാതകളും സംരംഭങ്ങളും തിരിച്ചറിയാൻ ആധുനിക സംവിധാനങ്ങൾ ആവശ്യമാണ്. പലപ്പോഴും ഊബർ പോലുള്ള ടാക്‌സി സർവീസുകളുടെ അത്ര കൃത്യതയും പണമിടാപാടിലെ സുതാര്യതയും മഞ്ഞ ടാക്‌സികൾക്കുണ്ടാവാറില്ല. ഇത് കൂടാതെ ടാക്‌സി ചാർജിനെക്കാൾ കൃത്യതയോടെ വാടകയളക്കാൻ ഊബറിന് കഴിയുമെന്നതും പ്രശ്‌നമാകുന്നു. മഞ്ഞ ടാക്‌സികളുടെ അവസാനത്തെ പ്രശ്‌നം ഏത് കുറഞ്ഞ കാറുകളിലും ലഭിക്കുന്ന എസി സംവിധാനം ഇല്ലായ്മയാണ്.
കൊൽക്കത്തയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് നഗരത്തിലെ ടാക്‌സി സർവീസിനും. 1908ലാണ് നഗരത്തിൽ ഒരു സജീവ ടാക്‌സി സർവീസ് തുടങ്ങുന്നത്. ലണ്ടൻ കാബ് സർവീസിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരുന്നു കൊൽക്കത്ത ടാക്‌സി സർവീസ് തുടങ്ങിയത്.
2012ൽ തങ്ങളുടെ പഴഞ്ചൻ കാബുകളെ ഒഴിവാക്കി ഹൈഡ്രജൻ എഞ്ചിനിൽ പ്രവർത്തിക്കുന്ന പുതിയ കാബുകളെ ലണ്ടൻ അവതരിപ്പിച്ചിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാറുകളും ലണ്ടൻ കാബുകളിലുണ്ട്. പഴയ ഐക്കോണിക്ക് കാറുകളുടെ ഡിസൈനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ കാബുകളും നിർമിച്ചിരിക്കുന്നത്. ഈ രീതി പിന്തുടർന്നാൽ മഞ്ഞ ടാക്‌സികൾക്ക് കൊൽക്കത്തയ്ക്ക് ഒരു രണ്ടാം ജന്മം നൽകാവുന്നതാണ്. വീണ്ടും തിരിച്ചുവരുന്ന ഹിന്ദുസ്ഥാൻ അംബാസഡറിന് കൊൽക്കത്ത ടാക്‌സി ഒരു പ്രോജക്റ്റായി ഏറ്റെടുത്താൽ ജനശ്രദ്ധ നേടാനുള്ള അവസരവും ലഭിച്ചേക്കാം.