ഇന്ത്യന്‍ മാര്‍ക്കറ്റ് ഇപ്പോഴും ഭരിക്കുന്നത് ചൈനീസ് ആപ്പുകൾ തന്നെ
നിലവിൽ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള മുൻനിര ആപ്ലിക്കേഷനുകളിൽ എട്ടെണ്ണം ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തിലുള്ളവയാണ്. ഈ ആപ്പുകൾക്കെല്ലാംകൂടി ഇപ്പോള്‍ 211 മില്യൻ ഇന്ത്യന്‍ ഉപയോക്താക്കളുമുണ്ട്
2020 ജൂലൈയിലാണ് 267 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചത്. ലഡാക്കിലെ നിയന്ത്രണരേഖയിൽ ചൈനീസ് കൈയേറ്റശ്രമങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കുമുള്ള ഇന്ത്യയുടെ പ്രത്യാക്രമണമായിരുന്നു ആപ്പ് നിരോധനം. ടിക്‌ടോക്, യുസി ബ്രൗസർ, പബ്ജി, ഹെലോ, അലി എക്‌സ്പ്രസ്, വി ചാറ്റ് അടക്കം രാജ്യത്ത് ഏറ്റവും ജനപ്രിയമായ ആപ്പുകളാണ് ഐടി നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചത്.
എന്നാൽ, നിരോധനത്തിനുശേഷം ഒരു വർഷം പിന്നിട്ടിട്ടും ഇന്ത്യൻ മാർക്കറ്റ് ഇപ്പോഴും ഭരിക്കുന്നത് ചൈനീസ് ആപ്പുകളാണെന്നതാണ് ഏറെ കൗതുകകരം. നിലവിൽ രാജ്യത്തുള്ള 60 മുൻനിര ആപ്ലിക്കേഷനുകളിൽ എട്ടെണ്ണവും ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തിലുള്ളതെന്നാണ് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഈ ആപ്പുകൾക്കെല്ലാംകൂടി പ്രതിമാസം 211 മില്യൻ ഉപയോക്താക്കളുമുണ്ട് ഇന്ത്യയില്‍. 2020ൽ ഇന്ത്യ നിരോധനം പ്രഖ്യാപിക്കുമ്പോൾ രാജ്യത്ത് 96 മില്യൻ ഉപയോക്താക്കൾ മാത്രമുണ്ടായിരുന്ന ആപ്പുകളാണ് ഇവ. കഴിഞ്ഞ 13 മാസം കൊണ്ട് പുതുതായി 115 മില്യൻ ഉപയോക്താക്കളെ ഇവ സ്വന്തമാക്കി.
രാജ്യത്ത് ഏറ്റവും ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ആൻഡ്രോയ്ഡ് ഫോണുകളിലും കംപ്യൂട്ടറുകളിലും ഒരുപോലെ ഉപയോഗിക്കാവുന്ന വിഡിയോ പ്ലേയറായ 'പ്ലേഇറ്റ്'. അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ചൈനീസ് ആപ്പാണ് പ്ലേഇറ്റ്. ആപ്പിന് കഴിഞ്ഞ വര്‍ഷം ജൂലൈയിൽ ഇന്ത്യയില്‍ 2.8 കോടി ഉപയോക്താക്കളുണ്ടായിരുന്നത് നിലവില്‍ 6.7 കോടി ആയി കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ആൻഡ്രോയ്ഡ് ഫോണുകളിൽ ഫയലുകൾ പങ്കുവയ്ക്കാൻ ഉപയോഗിക്കുന്ന 'ഷെയർമീ' ആപ്പാണ് ഇന്ത്യയിൽ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന മറ്റൊരു ചൈനീസ് ആപ്പ്. 2020ൽ 3.6ഉം നിലവിൽ 4.7ഉം കോടി ഉപയോക്താക്കളാണ് ആപ്പിനുള്ളത്.
ഷോർട്ട് വിഡിയോ ആപ്പുകളായ സില്ലി, ടികി, വിഡിയോ എഡിറ്റിങ് ആപ്ലിക്കേഷനുകളായ നോയ്‌സ്, മാസ്റ്റ്, മ്യൂസിക് ആപ്ലിക്കേഷനായ റെസ്സോ എന്നിവയാണ് ഇപ്പോൾ രാജ്യത്ത് കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുന്ന മറ്റ് ചൈനീസ് ആപ്പുകൾ. സില്ലിക്ക് മൂന്ന്(2020ൽ 2.4 കോടി), ടികിക്ക് 2.1(പൂജ്യം), റെസ്സോയ്ക്ക് 1.8(അഞ്ച്), നോയ്‌സിന് 1.4(മൂന്ന്), മാസ്റ്റിന് 1.3(പൂജ്യം) കോടി ഉപയോക്താക്കളാണ് രാജ്യത്ത് ഇപ്പോഴുള്ളത്. ഈ ആപ്പുകളിൽ പലതിന്റെയും ഉടമകൾ പുതിയ പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍, നേരത്തെ നിരോധിക്കപ്പെട്ട പ്രമുഖ കമ്പനികൾ തന്നെയാണ് ഇവയിൽ പലതിന്റെയും പിന്നിലുള്ളതെന്നാണ് വ്യക്തമാകുന്നത്. ആലിബാബ, ബൈറ്റ്ഡാൻസ്, ഷവോമി, വൈവൈ ഇൻക് അടക്കം ഇതിൽ ഉൾപ്പെടും.