' ഏത് ടെസ്ല കാറും ഹാക്ക് ചെയ്യാം'; ഇലോൺ മസ്‌കിനെതിരെ രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കുമായുള്ള പോര് മുറുകുന്നു. ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന മസ്‌കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ടെസ്‌ല മേധാവിയുടെ യുക്തി പ്രകാരം ഏത് ടെസ്ല കാറും ഹാക്ക് ചെയ്യാനാകുമെന്നാണ് രാജീവിന്റെ പ്രതികരണം. താൻ മസ്‌കല്ല, എന്നാൽ സാങ്കേതിക വിദ്യയെ കുറിച്ച് ചിലതെല്ലാം അറിയാം. ലോകത്ത് സുരക്ഷിതമെന്ന് പറയാനാവുന്ന ഡിജിറ്റൽ ഉപകരണങ്ങളില്ല. അങ്ങിനെയെങ്കിൽ ടെസ്ല കാറും ഹാക്ക് ചെയ്യാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കുന്നതിനാൽ അവ തെരഞ്ഞെടുപ്പുകളിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നമ്മൾ ഒഴിവാക്കണം. മനുഷ്യരോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ ഇവ ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് മസ്‌ക് എക്‌സിൽ കുറിച്ചത്.
എന്നാൽ ഇന്ത്യയിലെ ഇ.വി.എമ്മുകൾ സുരക്ഷിതമാണെന്നും അവ ഹാക്ക് ചെയ്യാനാവില്ലെന്നും മസ്‌കിന് മറുപടിയായി രാജീവ് ചന്ദ്രശേഖർ രംഗത്ത് വന്നു. സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയറുകൾ ഉണ്ടാക്കാൻ സാധിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്. ഇന്ത്യയിലെ ഇ.വി.എമ്മുകൾ സുരക്ഷിതമാണ്. ഇതിൽ ബ്ലുടൂത്തോ വൈഫൈയോ അല്ലെങ്കിൽ മറ്റേതെങ്കിലും കണക്ടിവിറ്റിയോ ഉപയോഗിക്കുന്നില്ല. ഇന്ത്യയിലേതു പോലുള്ള ഇ.വി.എമ്മുകൾ നിർമ്മിക്കാൻ വേണമെങ്കിൽ മസ്‌കിന് പരിശീലനം നൽകാൻ തയ്യാറാണെന്നും രാജീവ് പറഞ്ഞിരുന്നു. എന്നാൽ എന്തും ഹാക്ക് ചെയ്യാമെന്നാണ് മസ്‌ക് മറുപടി നൽകിയത്. മസ്‌കിന്റെ പ്രസ്താവന ഏറ്റെടുത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു.