മഹാരാഷ്ട്രയിൽ ഇവിഎം സർക്കാർ, ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ് ബിൽ ജനശ്രദ്ധ തിരിക്കാൻ: ഉദ്ധവ് താക്കറെ

ജനങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ

Update: 2024-12-17 12:17 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: കേന്ദ്ര സർക്കാർ അവതരിപ്പിച്ച 'ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ്' ബില്‍ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ഉദ്ധവ് വിഭാഗം ശിവസേന. ജനങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

'' ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ( ഇവിഎം)ക്കുറിച്ച് ജനങ്ങൾക്ക് സംശയമുണ്ടെങ്കിൽ അവ പരിഹരിക്കണം. ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് നടക്കട്ടെ. ഇപ്പോള്‍ ലഭിച്ച അതേ ഭൂരിപക്ഷം അവർക്ക് ലഭിച്ചാൽ, അതിനുശേഷം ആരും ഒന്നും ചോദ്യം ചെയ്യില്ല''- ഉദ്ധവ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷണറെയും ജനങ്ങൾ തെരഞ്ഞെടുക്കണമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നത് ഇവിഎം സര്‍ക്കാറാണ്. വോട്ടെടുപ്പിലെ പൊരുത്തക്കേടുകൾ ആരോപിച്ചായിരുന്നു ഉദ്ധവ് താക്കറെ ഭരണപക്ഷമായ മഹായുതി സര്‍ക്കാറിനെ ഇവിഎം സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ചത്.

“ഈ സർക്കാറൊരു ഇവിഎം സർക്കാരാണ്, ഇവിഎം സർക്കാരിന് ആശംസകൾ. ഇത് അവരുടെ ആദ്യ സെഷനാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും''- താക്കറെ പറഞ്ഞു. മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചെങ്കിലും അതൃപ്തര്‍ അടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻസിപി(അജിത് പവാർ) വിഭാഗം മുതിർന്ന നേതാവ് ഛഗൻ ഭുജ്പൽ, ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയുടെ എംഎല്‍എ നരേന്ദ്ര ബോന്ദേക്കര്‍ എന്നിവരാണ് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കിയിരുന്നത്. ഇതില്‍ എംഎല്‍എ സ്ഥാനം ഒഴികെ മറ്റെല്ലാ പദവികളും നരേന്ദ്ര ബോന്ദേക്കര്‍ രാജിവെച്ചിരുന്നു. എന്നാല്‍, ഭാവി പിന്നീട് വ്യക്തമാക്കാമെന്നാണ് ഛഗൻ ഭുജ്പൽ അറിയിച്ചത്. 

“ മന്ത്രിമാരെ മുഖ്യമന്ത്രി സഭയിൽ പരിചയപ്പെടുത്തുന്നത് സ്വാഭാവികമാണ്. നിരവധി ഇഡി കേസുകളുള്ള മന്ത്രിമാരെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തേണ്ടി വന്നു''- മഹായുതി മന്ത്രിസഭയെ 'കൊട്ടി' ഉദ്ധവ് പറഞ്ഞു. 

അതേസമയം ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്ലുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു. വോട്ടെടുപ്പ് നടത്തിയശേഷം ഇന്ന് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചള്‍ പ്രതിപക്ഷം ഡിവിഷന്‍ വോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 269 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടാ ഭേദഗതി ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കഴിയൂ എന്ന് കോണ്‍ഗ്രസ് എംപിമാര്‍ ഓര്‍മപ്പെടുത്തി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News