മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉദ്ധവ് താക്കറെ
തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴച നടത്തി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. നാഗ്പുർ നിയമസഭാ കോംപ്ലക്സിൽ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ശിവസേന ഉദ്ധവ് പക്ഷ എംഎൽഎമാരും കൂടെ ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ഉദ്ധവിൻ്റെ മകനും മുതിർന്ന ശിവസേനാ നേതാവുമായ ആദിത്യ താക്കറെയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. മഹാരാഷ്ട്രക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പ്രവർത്തിക്കണമെന്നും, അതിന് വേണ്ടിയാണ് കൂടിക്കാഴ്ചയെന്നും ആദിത്യ താക്കറെ പറഞ്ഞു.
'മഹാരാഷ്ട്രയുടെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനുള്ള ചുവടുവയ്പാണ് ഇന്നത്തെ കൂടിക്കാഴ്ച. നമ്മൾ പ്രതിപക്ഷവും, അവർ ഭരണപക്ഷവുമായിരിക്കാം, പക്ഷേ നാമെല്ലാവരും ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളാണ്.'- ആദിത്യ കൂട്ടിച്ചേർത്തു.
നിയമസഭാ തംരഞ്ഞെടുപ്പിൽ 288ൽ 230 സീറ്റുകൾ നേടിയാണ് ഭരണ സഖ്യം തൂത്തുവാരിയത്. 132 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സഖ്യകക്ഷികളായ ഷിൻഡേ വിഭാഗം ശിവസേനയും എൻസിപിയും യഥാക്രമം 57, 41 സീറ്റുകൾ നേടിയിരുന്നു.