സംഭലിൽ പള്ളി ഇമാമിനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിക്കുന്നതിനിടെ യുവാവ് അപമാനിച്ചു; മുഖത്തടിച്ച് യുവതി - വിഡിയോ
കരിഷ്മ ചന്ദ്രവൻശിയാണ് ഇമാമിന് ഐക്യദാർഢ്യവുമായി രംഗത്തുവന്നത്
പട്ന: സംഭലിൽ ഉച്ചഭാഷിണി ഉപയോഗിച്ചതിന് പള്ളി ഇമാമിനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിക്കുന്നതിനിടെ അപമാനിച്ച യുവാവിന്റെ മുഖത്തടിച്ച് യുവതി. ബിഹാറിലെ പട്നയിലാണ് സംഭവം. കരിഷ്മ ചന്ദ്രവൻശിയാണ് ഇമാമിന് ഐക്യദാർഢ്യവുമായി രംഗത്തുവന്നത്. ‘ചാണകം കഴിക്കുന്നവനാണെങ്കിലും ബാങ്ക് തടയാൻ കഴിയില്ല’ എന്ന് കരിഷ്മ യുവാവിനോട് പറഞ്ഞപ്പോൾ ഇയാൾ വളരെ മോശമായ രീതിയിൽ അപമാനിക്കുകയായിരുന്നു. ഇതോടെ യുവതി മുഖത്തടിക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാട്ടുകാരും യുവതിയെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നതോടെ യുവാവ് മാപ്പ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭലിലെ ഇമാം തഹ്‌സീബിനെതിരെ (23) യുപി പൊലീസ് നടപടിയെടുത്തത്. ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിച്ചെന്ന് ആരോപിച്ച് ഇമാമിനെതിരെ രണ്ടു ലക്ഷം രൂപ പിഴ ഈടാക്കുകയായിരുന്നു. സർവേ നടപടി നടന്ന ശാഹി മസ്‍ജിദിന് സമീപത്തെ കോട്ട് ഗാർവിയിലെ അനാർ വാലി മസ്‍ജിദിലാണു സംഭവം.
ശബ്ദമലിനീകരണത്തിനെതിരായ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണു പിഴ ചുമത്തിയതെന്ന് സംഭൽ എസ്‍ഡിഎം വന്ദന മിശ്ര പറഞ്ഞു. മുൻകരുതൽ നടപടികളുടെ ഭാഗമായാണു പിഴ ചുമത്തിയത്. ഇമാമിനെ ജാമ്യത്തിൽ വിട്ടിട്ടുണ്ടെന്നും എസ്‍ഡിഎം അറിയിച്ചു. അടുത്ത ആറുമാസം ഇത്തരം നടപടി ആവർത്തിക്കരുതെന്നും സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് നിർദേശിച്ചിട്ടുണ്ട്.