കൊല്‍ക്കത്ത പ്രതിഷേധത്തെ പിന്തുണച്ചതിന് തൃണമൂല്‍ മുന്‍ എം.പിക്കെതിരെ ബലാത്സംഗ ഭീഷണി
സ്ക്രീന്‍ഷോട്ടുകള്‍ മിമി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ചു നടക്കുന്ന സമരത്തെ പിന്തുണച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പിക്കെതിരെ ബലാത്സംഗ ഭീഷണി. ബംഗാളി നടി കൂടിയായ മിമി ചക്രവര്‍ത്തിക്കെതിരെയാണ് സോഷ്യല്‍മീഡിയയില്‍ ബലാത്സംഗ ഭീഷണി ഉയര്‍ന്നത്. ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ മിമി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
അടുത്ത കാലത്തായി ഇത്തരം ഭീഷണിപ്പെടുത്തുന്ന നിരവധി കമൻ്റുകൾ ലഭിച്ചിട്ടുണ്ടെന്ന് മിമി ചക്രവർത്തി പറഞ്ഞു. “ഞങ്ങൾ സ്ത്രീകൾക്ക് നീതി ആവശ്യപ്പെടുകയാണോ? ഇവയിൽ ചിലത് മാത്രം. സ്ത്രീകൾക്കൊപ്പം നിൽക്കുന്നുവെന്ന് പറഞ്ഞ് ആൾക്കൂട്ടത്തിനിടയിൽ മുഖംമൂടി ധരിച്ച്, വിഷമുള്ള പുരുഷന്മാർ ബലാത്സംഗ ഭീഷണികൾ സാധാരണമാക്കിയിടത്ത്. എന്ത് വളർത്തലും വിദ്യാഭ്യാസവുമാണ് ഇത് അനുവദിക്കുന്നത്????.” മിമി എക്സില്‍ കുറിച്ച പോസ്റ്റില്‍ ചോദിക്കുന്നു. പോസ്റ്റില്‍ കൊൽക്കത്ത പൊലീസിൻ്റെ സൈബർ ക്രൈം വിഭാഗത്തെ ടാഗ് ചെയ്തിട്ടുമുണ്ട്.
ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന സമരത്തില്‍ താരം നേരിട്ട് പങ്കെടുത്തിരുന്നു. ആഗസ്ത് 14ന് രാത്രി നടന്ന പ്രതിഷേധത്തിൽ മിമിയെ കൂടാതെ റിദ്ദി സെൻ, അരിന്ദം സിൽ, മധുമിത സർകാർ തുടങ്ങിയ അഭിനേതാക്കളും പങ്കെടുത്തു. ജാദവ്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗമായിരുന്നു മിമി ചക്രവർത്തി.
അതേസമയം ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജ്യമെമ്പാടും പ്രതിഷേധിക്കുകയാണ്. പ്രതിഷേധം ആരോഗ്യ സംവിധാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സംഭവം നടന്ന കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളജിന്‍റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു. സുപ്രിം കോടതി നിർദേശപ്രകാരമാണ് നടപടി.
ആർ ജി കാർ ആശുപത്രി പ്രിന്‍സിപ്പല്‍ സന്ദീപ് ഗോഷിനെ തുടർച്ചയായി ആറാം ദിവസവും സിബിഐ സംഘം ചോദ്യം ചെയ്യുകയാണ്. അതിനിടെ ഇയാളെ ചോദ്യംചെയ്യാനായി കൊൽക്കത്ത പൊലീസും നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം പ്രതിഷേധം ആളിക്കത്തുന്നതിനിടെ ജനങ്ങൾക്ക് പരാതി അറിയിക്കാൻ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് കൺട്രോൾ റൂം തുറന്നു. സാമൂഹിക മാധ്യമമായ എക്സിലൂടെ ഗവർണർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാളിലെ ക്രമസമാധാനം നില തകർന്നന്ന് കാട്ടി ഗവർണർ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകാനും സമയം തേടിയിട്ടുണ്ട്.