ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി; ധ്രുവ്റാഠിയെയും രവീഷ് കുമാറിനെയും ‘പൂട്ടാനോ’ ബ്രോഡ് കാസ്റ്റിങ്ങ് ബിൽ
ബില്ലിലൂടെ രാജ്യത്തെ മുഴുവൻ യൂടൂബ് ചാനലുകൾക്കും കനത്തനിയന്ത്രണങ്ങളാണ് വരാൻ പോകുന്നതെന്ന് മാധ്യമപ്രവർത്തകൻ രവീഷ് കുമാർ ചൂണ്ടിക്കാട്ടുന്നു
ഡൽഹി: മുഖ്യധാരമാധ്യമങ്ങളെ വിലക്കെടുത്താണ് ഇക്കുറി ബി.ജെ.പിയും എൻ.ഡി.എയും ലോക്സഭാ തെരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാൽ യൂടൂബിലും എക്സിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും സമാന്തരമാധ്യമപ്രവർത്തനം നടത്തിയവരുടെ ഇടപെടലുകൾ ബി.ജെ.പിക്കും എൻ.ഡി.എ മുന്നണിക്കും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഗോദി മീഡിയകൾ പടച്ചുണ്ടാക്കിയ നുണകളൊക്കെയും ധ്രുവ്റാഠിയും രവീഷ് കുമാറുമടക്കമുള്ളവർ ചേർന്ന് പൊളിച്ചടുക്കിയത് ചില്ലറ തലവേദനയല്ല സംഘ്പരിവാരിനുണ്ടാക്കിയത്.
രാജ്യത്തെ മുഖ്യധാര ഓൺലൈൻ മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കനത്തനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബ്രോഡ്‌കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബില്ലുമായി സർക്കാർ മുന്നോട്ട് പോകാനുള്ള കാരണവും ഇതുതന്നെയാണ്. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് (നിയന്ത്രണം) നിയമത്തിന് പകരമായാണ് ബ്രോഡ് കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബിൽ കൊണ്ടുവരുന്നത്.
വിലക്കെടുത്ത മാധ്യമങ്ങളിലൊന്നും മോദിസർക്കാരുമായി ബന്ധപ്പെട്ട പലവിവാദങ്ങളും നടപടികളും ഇടം പിടിച്ചിരുന്നില്ല. സർക്കാർ വിരുദ്ധ വാർത്തകൾക്കെല്ലാം സ്വയം സെൻസർ ഏർപ്പെടുത്തിയ മാധ്യമങ്ങളെ മടുത്തവർ സമാന്തര മാധ്യമങ്ങളിലേക്ക് മാറി. മോദിയുടെയും അമിത്ഷായുടെയും വിദ്വേഷ പ്രസംഗങ്ങളും നുണകളും സമാന്തരമാധ്യമങ്ങൾ വിചാരണചെയ്തതോടെ ബി.ജെ.പിക്ക് പലയിടങ്ങളിലും തിരിച്ചടിയുണ്ടായി. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുമെന്ന സ്വപ്നംപോലും തകർത്തുകളഞ്ഞത് യൂടൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് മാധ്യമപ്രവർത്തനം നടത്തിയവരാണ്. സമാന്തരമാധ്യമങ്ങൾ കരുത്താർജ്ജിച്ചതോടെ മുഖ്യധാര മാധ്യമങ്ങൾ പി.ആർ മാധ്യമപ്രവർത്തനം വിട്ട് സർക്കാർവിരുദ്ധ വാർത്തകൾ നൽകാൻ തുടങ്ങിയതും തിരിച്ചടിയായി.
സംഘ്പരിവാരിനെയും മോദിസർക്കാരിനെയും വിമർശിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. ഓൺലൈൻ പോർട്ടലുകൾ, വെബ്സൈറ്റുകൾ, യൂടൂബ്, ഇൻസ്റ്റഗ്രാം, എക്സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടെ സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് കനത്ത നിയന്ത്രണങ്ങളാണ് വരാൻ പോകുന്നത്.
പൊതുജന അഭിപ്രായം രൂപീകരിക്കാൻ ബില്ലിന്റെ ആദ്യകരട് കഴിഞ്ഞ നവംബറിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിന്റെ നവീകരിച്ച പതിപ്പ് ജൂലൈയിൽ പുറത്തിറക്കിയെങ്കിലും വളരെ കുറഞ്ഞപേർക്കാണ് കേന്ദ്രം നൽകിയത്. പൊതുജനങ്ങൾക്ക് ഇനിയും നൽകിയിട്ടില്ല. നവീകരിച്ച ബില്ലിന്റെ കരട് ചോരാതിരിക്കാൻ പ്രത്യേക വാട്ടർമാർക്ക് ഇട്ടാണ് പലർക്കും നൽകിയെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം അസാധാരണമായ വേഗതയിലാണ് ബില്ലിന്റെ നവീകരിച്ച കരട് പതിപ്പ് തയാറാക്കിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കരട് ബില്ലിന്റെ യോഗം സംബന്ധിച്ച നോട്ടീസ് മന്ത്രാലയം ബന്ധപ്പെട്ടവർക്ക് അയച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രണ്ടുമാസത്തിനുള്ളിൽ ബിൽ സംബന്ധിച്ച് ആറ് മീറ്റിങ്ങുകളെങ്കിലും നടന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നവംബറിൽ പ്രസിദ്ധീകരിച്ച ബില്ലിൽ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളുമാണ് ഉൾപ്പെടുന്നത് . ഓൺലൈൻ മാധ്യമങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങളും നിർദേശങ്ങളുമാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാൽ ഓൺലൈൻ ഉള്ളടക്കങ്ങളെ സെൻസർ ചെയ്യുകയാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കാൻ പോകുന്നതെന്നാണ് കണ്ടന്റ് ക്രിയേറ്റേഴ്സും മാധ്യമപ്രവർത്തകരും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. യൂടൂബിലും സോഷ്യൽ മീഡിയകളിലും കണ്ടന്റ് നിർമാതാക്കളെ ‘ഡിജിറ്റൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ്’ എന്നാണ് പുതിയ ബില്ലിൽ നിർണയിച്ചിരിക്കുന്നത്. യൂടൂബിലും എക്സിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും സമാന്തരമാധ്യമപ്രവർത്തനം നടത്തുന്നവരെ നിയന്ത്രിക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. എന്നാൽ വിദ്വേഷ, വ്യാജ,വർഗീയ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂടൂബുകളെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും നിയന്ത്രിക്കലാണ് ലക്ഷ്യമെന്നാണ് സർക്കാരിന്റെ ഒരു അവകാശവാദം.
ടെക്‌സ്‌റ്റ് മുതൽ വീഡിയോകൾ വരെയുള്ള പ്ലാറ്റ്‌ഫോമുകളിലും മാധ്യമങ്ങളിലും ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നവർക്ക് കനത്ത നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളുമാണ് നടപ്പാക്കാൻ പോകുന്നത്. ബില്ലിന്റെ പൂർണരൂപം പുറത്തുവരാത്തതിനാൽ ഇപ്പോഴും അവ്യക്തതയും ദുരൂഹതയും നിലനിൽക്കുക്കയാണ്. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സിസ് പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങൾ മൂന്ന് തലത്തിൽ പരിശോധന നടത്തും. ഇതിലൂടെ കനത്തനിയന്ത്രണങ്ങളാകും കണ്ടന്റുകളിൽ വരുക. പലതും സെൻസർ ചെയ്യപ്പെടും. സർക്കാർ വിരുദ്ധകണ്ടന്റുകൾക്ക് നിയന്ത്രണമേർപ്പെടുത്താനാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
പുതിയ നിയമം എല്ലാ പോഡ്‌കാസ്റ്റർമാർക്കും യൂട്യൂബർമാർക്കും ബാധകമാണെങ്കിലും, അത് ആർക്കെതിരെ നടപ്പാക്കണമെന്ന് സർക്കാരായിരിക്കും തീരുമാനിക്കുകയെന്ന ആശങ്കയും മുതിർന്ന മാധ്യമപ്രവർത്തർ പങ്കുവെക്കുന്നു. ബ്രോഡ്കാസ്റ്റ് ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് നിരവധി വാർത്തകളും വിഡിയോകളും പുറത്തുവന്നിട്ടും സർക്കാർ ഒന്നും നിഷേധിച്ചിട്ടില്ലെന്നത് ആശങ്കകളെ ശരിവെക്കുന്നതാണെന്നാണ് ഡിജിറ്റൽ മാധ്യമപ്രവർത്തകർ പറയുന്നത്.
നവീകരിച്ച ബിൽ തിരഞ്ഞെടുത്ത ചിലർക്ക് മാത്രം നൽകിയത് തന്നെ ദുരൂഹമാണ്. ബില്ലിന്റെ ഓരോ പകർപ്പിലും സ്ഥാപനങ്ങളെ വ്യക്തമാക്കുന്ന അടയാളങ്ങൾ പതിച്ചിട്ടുണ്ട്. ബില്ല് ചോരരുതെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. കരട് ബില്ല് നൽകിയ വ്യക്തികളുടെയും സംഘടനകളുടെയും പേരുകൾ പുറത്തുവിടണമെന്നും ബിൽ പൊതുജനങ്ങൾക്ക് നൽകണമെന്നും മാധ്യമപ്രവർത്തകനായ രവീഷ് കുമാർ പറഞ്ഞു.
വാർത്തകൾ ചെയ്യുന്നവരെ മാത്രമല്ല ഫുഡ്, ഫാഷൻ, ട്രാവൽ, എന്റർടെയ്ൻമെന്റ് തുടങ്ങി വിവിധതരം കണ്ടന്റുകൾ പ്രൊഡ്യൂസ് ചെയ്യുന്ന യൂടൂബ് ചാനലുകൾക്കും പ്രൊഡ്യൂസർമാർക്കും കനത്തനിയന്ത്രണങ്ങളാണ് ബില്ലിലൂടെ നടപ്പാക്കാൻ പോകുന്നതെന്ന് രവീഷ് കുമാർ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ വാർത്താ മാധ്യമ സ്ഥാപനങ്ങൾ, മാധ്യമ നിരൂപകർ, പത്രപ്രവർത്തകർ എന്നിവരുടെ കൂട്ടായ്മയായ ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനും ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തിയിട്ടുണ്ട്.