പാകിസ്താന്റെ ജയം ആഘോഷിച്ചെന്ന വ്യാജ കേസ്: മൊഹദിലെ മുസ്‍ലിംകൾ നേരിട്ടത് പൊലീസിന്റെ കൊടിയ പീഡനം

ആറ് വർഷത്തിനുശേഷം കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി എല്ലാവരെയും കോടതി വെറുതെവിട്ടു.

Update: 2024-03-21 06:16 GMT
Advertising

ഭോപ്പാൽ: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ചെന്ന വ്യാജ പരാതിയിൽ അറസ്റ്റിലായ മുസ്‍ലിം പുരുഷൻമാർ നേരിട്ടത് മധ്യപ്രദേശ് പൊലീസിന്റെ കൊടിയ പീഡനം. 2017 ജൂണിലാണ് മധ്യപ്രദേശിലെ മൊഹദ് ​ഗ്രാമത്തിൽനിന്ന് 17 മുതിർന്നവരെയും രണ്ട് പ്രായപൂർത്തിയാകാത്തവരെയും അറസ്റ്റ് ചെയ്യുന്നത്. ആറ് വർഷത്തിനുശേഷം മധ്യപ്രദേശ് കോടതി കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി ഇവരെ വെറുതെവിട്ടു.

കുറ്റാരോപിതർ പൊലീസ് കസ്റ്റഡിയിൽ വലിയ പീഡനത്തിനാണ് ഇരയായതെന്നും ആർക്കും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ‘ആർട്ടിക്കിൾ 14’ തയാറാക്കിയ വിശദ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിലെ കുറ്റാരോപിതനായ 40കാരൻ 2019ൽ പീഡനം സഹിക്കാനാവാതെ സ്വയം ജീവനൊടുക്കുകയും ചെയ്തു.

ക്രിക്കറ്റിനെ പേടിക്കുന്ന ഗ്രാമം

തലസ്ഥാനമായ ഭോപ്പാലിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള മൊഹദ് ഗ്രാമത്തിലുള്ളവർക്ക് ക്രിക്കറ്റ് എന്ന് കേൾക്കു​ന്നതേ ഇപ്പോൾ പേടിയാണ്. പ്രത്യേകിച്ച് ഇന്ത്യയും പാകിസ്താൻ തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ. പാകിസ്താന്റെ ജയത്തിൽ ആഹ്ലാദിച്ചെന്ന് ആരോപിച്ച് 19 പേരെ അറസ്റ്റ് ചെയ്യുകയും കൊടിയ പീഡനത്തിന് ഇരയാക്കുകയും ചെയ്തതിന്റെ ആഘാതത്തിൽനിന്ന് അവർ മുക്തരായിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും കളിക്കുമ്പോൾ ഗ്രാമവാസികൾ ക്രിക്കറ്റ് കളിക്കുകയോ ടി.വിയിൽ കാണുകയോ ചെയ്യാത്ത വിധം ആ സംഭവത്തിൻ്റെ ആഘാതം വളരെ ആഴത്തിലുള്ളതാണെന്ന് ഗ്രാമത്തലവൻ റഫീഖ് തദ്വി പറഞ്ഞു.

2017 ജൂൺ 18ന് ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ പാകിസ്താനോട് തോൽക്കുകയുണ്ടായി. തുടർന്ന് പാകിസ്താ​നെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തതായി പ്രദേശത്ത് ചിലർ കിംവദന്തി പരത്തി.

1860ലെ ഇന്ത്യൻ പീനൽ കോഡ് പ്രകാരം രാജ്യദ്രോഹത്തിനും ക്രിമിനൽ ഗൂഢാലോചനക്കും 19 പേർക്കെതിരെ പൊലീസ് കേസെടുത്തു. പിന്നീട് രാജ്യദ്രോഹത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പൊലീസ്, വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത പരത്തിയെന്ന് കാണിച്ച് കേസെടുത്തു.

കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തിയിട്ട് അപ്പോൾ മൂന്ന് വർഷംകഴിഞ്ഞിരുന്നു. ഹിന്ദുത്വ വാദികൾ ഹിന്ദു വികാരം ആളിക്കത്തിക്കുകയും മുസ്ലിംകളെ രാജ്യ​ദ്രോഹികളായി മുദ്രകുത്തുകയും പതിവായ സമയമാണ്. ഇവർക്കൊപ്പം ചേർന്ന് മുഖ്യധാരാ മാധ്യമങ്ങൾ ഇസ്‍ലാഫോബിയ വളർത്താനും സഹായിക്കുന്നു. മധ്യപ്രദേശിലെ പ്രസ്തുത കേസിൽ വാർത്താ ചാനലുകൾ കുറ്റാരോപിതരെ രാജ്യദ്രോഹികൾ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

ആറ് വർഷത്തോളം പൊലീസ് ഇവരെ ജയിലിലിടുകയും മർദിക്കുകയും ​ചവിട്ടുകയും അധിക്ഷേപിക്കുകയും ചെയ്തു. ഒടുവിൽ 16 മുസ്‍ലിം പുരുഷൻമാരെയും ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദേവന്ദർ ശർമ്മ കുറ്റവിമുക്തരാക്കി. ഒരാൾ 2019ൽ മരിക്കുകയും ചെയ്തു.

കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസ് തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും കോടതി വ്യക്തമാക്കി. എല്ലാ തെളിവുകളും വാദങ്ങളും ദൃക്സാക്ഷി വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിനും പടക്കം പൊട്ടിച്ചതിനും തെളിവില്ലെന്ന് വിധിന്യായത്തിൽ ജഡ്ജി വ്യക്തമാക്കി. കൂടാതെ സമൂഹത്തിൽ ശ​ത്രുത വളർത്തിയെന്നതിൽ പൊലീസിന് തെളിവുകളൊന്നും ഹാജരാക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ എല്ലാ പ്രതികളെയും വെറുതെ വിടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കള്ളക്കേസ് രജിസ്റ്റർ ചെയ്തതിനും പ്രതികളെ പീഡിപ്പിച്ചതിനും മധ്യപ്രദേശ് പൊലീസിനെ കോടതി പ്രതിക്കൂട്ടിൽ കയറ്റാൻ തയാറായില്ല. 2017 ജൂണിൽ ഇവരെ അറസ്റ്റ് ചെയ്ത സംഭവം മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ, അവരെ വെറുതെവിട്ട വാർത്ത അവഗണിച്ചു.

17 മുസ്ലിം പുരുഷൻമാർക്ക് പുറമെ, അറസ്റ്റിലാകുന്ന സമയത്ത് 16 വയസ്സുണ്ടായിരുന്ന മുബാറക് തദ്‍വി, സുബൈർ തദ്‍വി എന്നിവരെ 2022 ജൂണിൽ ജുവനൈൽ ജസ്റ്റിസ് കോടതി വെറുതെ വിടുകയുണ്ടായി. അവർക്ക് പിന്നീട് സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. ഇൻഡോറിലെ ആരാധാനാലയത്തിൽ പരിപാലകനാണ് ഇപ്പോൾ സുബൈർ. തനിക്ക് ഒരു പൊലീസുകാരനാകണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ, ഇപ്പോൾ വിദ്യാഭ്യാസം തന്നെ ഉപേക്ഷിക്കേണ്ടി വന്നുവെന്നും സുബൈർ പറഞ്ഞു.

2023ൽ എല്ലാവരെയും കുറ്റവിമുക്തരാക്കുന്നതിന് മുമ്പ് രണ്ട് ജീവനാണ് ഇതുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ടത്. 40കാരനായ റുബാബ് നവാബ് രാജ്യദ്രോഹി എന്ന വിളിയുടെ അപമാനം താങ്ങാനാവാതെ 2019 ഫെബ്രുവരിയിൽ സ്വയം ജീവനൊടുക്കി. മകൻ സിക്കന്ദർ തദ്‍വിയുടെ അറസ്റ്റിന്റെ ​ഞെട്ടലിൽനിന്ന് കരകയാറാനാകാതെ 60കാരനായ മുഖദ്ദർ തദ്‍വി 2021 നവംബറിൽ മരിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.

താടി പിഴുതെറിഞ്ഞു, രണ്ട് ദിവസം ഭക്ഷണം നൽകിയില്ല

മൊഹദ് ​​ഗ്രാമത്തിൽ 4000ത്തോളം പേരാണ് താമസിക്കുന്നത്. ഇതിൽ കൂടുതലും ദലിതുകൾ, ഭിൽ ഗോത്രവർഗക്കാർ, ഭിൽ ഗോത്രത്തിൽ നിന്ന് ഇസ്‍ലാം മതം സ്വീകരിച്ചവർ എന്നിവരാണുള്ളത്. നിത്യജീവിതത്തിന് വകയില്ലാതെ ബുദ്ധിമുട്ടുന്നവരാണ് അധികപേരും. സംഭവം നടക്കുന്നതിന്റെ ഒരു വർഷം മുമ്പ് ഗ്രാമത്തിൽ ഭജ്റംഗ് ദളിന്റെ യൂനിറ്റ് ആരംഭിച്ചിരുന്നു.

2024 ഫെബ്രുവരിയിലാണ് ആർട്ടിക്കിൾ 14ന്റെ റിപ്പോർട്ടമാർ ഗ്രാമം സന്ദർശിക്കുന്നത്. പ്രസ്തുത കേസിൽ അറസ്റ്റിലായ 25നും 60നും ഇടയിൽ പ്രായമുള്ള ഒമ്പത് പുരുഷൻമാരെ സംഘം കാണുകയുണ്ടായി. തങ്ങളെ ഷാഹ്പൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് ദിവസം പൂട്ടിയിടുകയും ഇൻസ്​പെക്ടർ സഞ്ജയ് പഥക്കും മറ്റു ​പൊലീസുകാരും ചവിട്ടുകയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി അവർ വ്യക്തമാക്കി.

പൊലീസ് താടി പിഴുതുമാറ്റി. പ്രതിഷേധിച്ചാൽ തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ രണ്ട് ദിവസം ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു. പൊലീസ് സ്റ്റേഷനിലേക്ക് ചായ കൊണ്ടുവന്നയാൾ പോലും തങ്ങളെ തീവ്രവാദിയെന്ന് വിളിച്ച് ചവിട്ടിയതായി കേസിൽ വെറുതെവിട്ട ഇമാം തദ്‍വി പറഞ്ഞു.

അതേസമയം, ശാരീരികമായി പീഡിപ്പിച്ചെന്ന ആരോപണം ഇൻസ്​പെക്ടർ പഥക് നിഷേധിച്ചു. കൂടാതെ അധിക്ഷേപത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇദ്ദേഹം ഫോൺ കട്ടാക്കുകയും ചെയ്തു. എന്നാൽ, തങ്ങളെ മർദി​ച്ചു എന്നത് എല്ലാവർക്കും അറിയുന്ന സത്യമാണെന്ന് ഇമാം തദ്‍വി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനി​ലേക്ക് തങ്ങളെ കൊണ്ടുപോകുമ്പോൾ മർദിക്കുന്നത് ഈ ഗ്രാമത്തിലുള്ളവരെല്ലാം കണ്ടതാണ്. തങ്ങൾ തകർന്നുപോയിരുന്നുവെന്നും മജിസ്ട്രേറ്റിന് മുന്നിൽ സംസാരിക്കാൻ പോലും സാധ്യമല്ലാത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരെയും ​കുറ്റവിമുക്തരാക്കുകയായിരുന്നു ​പ്രധാന ലക്ഷ്യമെന്നും അതിനാൽ പിഡനത്തെക്കുറിച്ച് കൂടുതൽ കോടതിയിൽ പറയാൻ സാധിച്ചില്ലെന്നും ഇവരുടെ അഭിഭാഷകൻ അഹമ്മദ് വ്യക്തമാക്കി. ഇവരെ ഖന്ദ്‍വ ജയിലിൽ എല്ലാവരും ഭീകരർ എന്ന് വിളിക്കുകയും എല്ലാ ദിവസവും ടോയ്ലെറ്റുകൾ വൃത്തിയാക്കുകയും തറ തുടപ്പിക്കുകയും ചെയ്യുമായിരുന്നു. ബുർഹാൻപൂർ ജില്ല കോടതിയിൽ വാദം കേൾക്കാനായി ഹാജരാക്കിയപ്പോൾ ‘രാജ്യദ്രോഹികളെ വെടിവെക്കൂ’, ‘ഭീകരരെ തൂക്കികൊല്ലൂ’ എന്നിങ്ങനെ അഭിഭാഷകർ ആ​ക്രോശിക്കുന്നത് കേൾക്കാമായിരുന്നുവെന്നും ഇവർ പറയുന്നു.

ആ പരാതി വ്യാജമായിരുന്നു

സുഭാഷ് കോലി എന്നയാളുടെ പരാതി പ്രകാരമാണ് ഇവരെ പിടികൂടിയതെന്നായിരുന്നു പൊലീസ് വാദം. എന്നാൽ, സംഭവശേഷം താൻ പരാതിയൊന്നും നൽകിയിട്ടില്ലെന്ന് ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. 2017 ജൂൺ 18ന് രാത്രി 11ഓടെ താൻ ഷാപൂർ പൊലീസ് ​സ്റ്റേഷനിലേക്ക് പോവുകയുണ്ടായി. അത് തന്റെ മുസ്‍ലിം അയൽവാസിയായ അനീസ് മസൂരിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു. ​ഗ്രാമത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള വ്യക്തിയായിരുന്നു അനീസ്. ഒരു ഹിന്ദു മുസ്‍ലിമുമായി സൗഹർദത്തിലാണോ എന്ന് ചോദിച്ച് പൊലീസ് തന്റെ തലയുടെ പിന്നിൽ രണ്ട് തവണ അടിക്കുകയുണ്ടായി.

ജൂ​ൺ 19ന് തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളി​പ്പിച്ചെന്നും നടക്കാത്ത സംഭവങ്ങളെ അടിസ്ഥാനമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ ആർ.എ യാദവ് എഫ്.ഐ.ആർ എഴുതുന്നത് കണ്ടെന്നും കോലി വ്യക്തമാക്കിയിരുന്നു. ഇദ്ദേഹം കാൻസർ ബാധിച്ച് കഴിഞ്ഞ വർഷം മരിച്ചു. കേസ് തികച്ചും കെട്ടിച്ചമച്ചതായിരുന്നുവെന്ന് കേസിലെ സാക്ഷികളും ആർട്ടിക്കിൾ 14നോട് വ്യക്തമാക്കി.

ഭക്ഷണം പോലും വാങ്ങാൻ കഴിയാത്തവരാണ് ഗ്രാമത്തിലുള്ളവർ. അതിനാൽ തന്നെ പടക്കം പൊട്ടിക്കാനോ മധുരവിതരണം നടത്താനോ തങ്ങൾക്ക് സാമ്പത്തിക ശേഷിയില്ലെന്നും ഗ്രാമവാസികൾ പറഞ്ഞു. കേസ് നടത്തി പലരും വലിയ കടക്കെണിയിൽ അകപ്പെടുകയും ചെയ്തു.

പൊലീസിന്റെ ഭരണഘടനാ വിരുദ്ധ നടപടികൾ

സംസ്ഥാനത്തെ മുസ്‍ലിംകളോടും ആദിവാസികളോടും പൊലീസിന്റെ സമീപനം എപ്പോഴം ഭരണഘടനാ വിരുദ്ധമാണെന്ന് മധ്യപ്രദേശിലെ ഇന്ത്യൻ മുസ്‍ലിംസ് കോഓഡിനേഷൻ കമ്മിറ്റിയുടെ സെക്രട്ടറി മസൂദ് അഹമ്മദ് ഖാൻ വ്യക്തമാക്കി. ഈ അവസ്ഥക്ക് മാറ്റാൻ വരാൻ കോടതികൾ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊഹദ് വില്ലേജുമായി ബന്ധപ്പെട്ട സംഭവത്തിൽ കോടതി പൊലീസിനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടതായിരുന്നു. പൊലീസ് മാത്രമല്ല, അഭിഭാഷകരും മധ്യമപ്രവർത്തകരും ഈ തെറ്റായ പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്’ -മസൂദ് അഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

 

വ്യാജ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകണ​മെന്ന് സുപ്രിംകോടതിയും മധ്യപ്രദേശ് ഹൈകേടതിയും വിധിച്ചതാണ്. എന്നാൽ, ചില കേസുകളിൽ മാത്രമാണ് അത് നടപ്പാകുന്നുള്ളൂവെന്ന് ഭോപ്പാലിലെ ക്രിമിനൽ ജസ്റ്റിസ് ആൻഡ് പൊലീസ് അക്കൗണ്ടബിലിറ്റി പദ്ധതിയുടെ സ്ഥാപക നികിത സോന വ്യക്തമാക്കി. ഇരകൾ പോരാടാൻ കഴിയാത്ത അവസ്ഥയിലാകും. ഇത്തരമൊരു സാഹചര്യത്തിൽ സാധാരണക്കാർക്ക് നീതി ലഭിക്കാൻ പ്രയാസമു​ണെന്നും അവർ പറഞ്ഞു.

തങ്ങളുടെ ഭാഗം കോടതിയിൽ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകൻ ഷൂബ് അഹമ്മദ് പറഞ്ഞു. പരാതിക്കാരനും ദൃക്സാക്ഷികളും ബാക്കി കാര്യങ്ങൾ ചെയ്തു. പ്രതികൾക്കെതിരെ സാക്ഷി പറയാൻ സമ്മർദം ചെലുത്തിയെങ്കിലും അവർ സത്യത്തിനൊപ്പമാണ് നിലകൊണ്ടത്.

നഷ്ടപരിഹാരത്തിനോ പൊലീസിനെ പ്രതിക്കൂട്ടിലാക്കാനോ വേണ്ടി കേസ് നടത്താൻ തന്റെ കക്ഷികൾ ആഗ്രഹിക്കുന്നില്ല. അവർക്ക് നീതി വേണ്ട. കേസിന് പിറകെ പോകുന്നത് പേടിയാണ്. ഈ കേസിൽനിന്ന് രക്ഷപ്പെടാനും സാധാരണ ജീവിതം നയിക്കാനുമാണ് അവർ ആഗ്രഹിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിനും മുമ്പ് ഇത്തരം വർഗീയ വിഭജനങ്ങളും കലാപങ്ങളും സൃഷ്ടിക്കാൻ ബി.ജെ.പി സർക്കാർ ശ്രമിക്കുകയാണെന്നും ഇതിലൂടെ അധികാരം നിലനിർത്തുകയാണ് അവരുടെ ലക്ഷ്യമെന്നും അഹമ്മദ് കൂട്ടിച്ചേർത്തു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News