മഹാപഞ്ചായത്തിനായി മുസഫർ നഗറിലെത്തുന്ന കർഷകരെ തടയുന്നതായി പരാതി
അഞ്ച് ലക്ഷം പേർ മഹാപഞ്ചായത്തിൽ പങ്കെടുക്കുമെന്ന് കിസാൻ മോർച്ച
കർഷകരുടെ മഹാപഞ്ചായത്തിനായി ഉത്തര്‍പ്രദേശിലെ മുസഫർ നഗറിലെത്തുന്ന കർഷകരെ തടയുന്നതായി പരാതി. കേരളത്തിൽ നിന്നുള്ളവര്‍ ഉള്‍പ്പെടെ എത്തിയ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് കെ വി ബിജു പറഞ്ഞു. യുപിയിൽ നിന്നടക്കം ബിജെപിയെ ഭരണത്തിൽ നിന്ന് ഇറക്കുകയാണ് ലക്ഷ്യമെന്നും ബിജു പറഞ്ഞു.
മുസഫർനഗറിലെ ജിഐസി മൈതാനത്ത് 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് മഹാപഞ്ചായത്ത് ചേരുക. കർഷക സംഘടനകളുടെ നേതാക്കൾ അടക്കം അഞ്ച് ലക്ഷം പേർ മഹാപഞ്ചായത്തിൽ പങ്കെടുക്കുമെന്ന് കിസാൻ മോർച്ച അറിയിച്ചു. കർഷകർക്ക് ഭക്ഷണത്തിനായി 500 ലങ്കാറുകളും 5000 വോളണ്ടിയർമാരും തയ്യാറായിട്ടുണ്ട്.
മഹാപഞ്ചായത്ത് നടക്കുന്നതിനാൽ ഉത്തർപ്രദേശിൽ സുരക്ഷ ശക്തമാക്കി. കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട് . അതേസമയം കർഷക സമരം നിയമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ 10 മാസമായി സമരത്തിലാണ്. ഈ സാചര്യത്തില്‍ സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 25നാണ് ഭാരത് ബന്ദ്. സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ പങ്കാളികളാവാന്‍ അണികളോട് ഇടതുനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.