കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇരുസഭകളും പാസാക്കി
ബില്ലിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, ചർച്ചയുടെ ആവശ്യമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ഇരുസഭകളും പാസാക്കി. ലോക്സഭയും രാജ്യസഭയും ചർച്ച കൂടാതെയാണ് ബിൽ പാസാക്കിയത്. ബില്ലിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, ചർച്ചയുടെ ആവശ്യമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പിട്ടാൽ നിയമം റദ്ദാകും.
കർഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. ഒരു വർഷത്തിന് ശേഷമാണോ കേന്ദ്രത്തിന് നിയമം പിൻവലിക്കാൻ തോന്നിയതെന്ന് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. നിയമം പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചാൽ ചർച്ചയുടെ ആവശ്യമില്ലെന്നായിരുന്നു സർക്കാർ നിലപാട്. മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാരിന് അനുകൂല നിലപാടില്ല.