ഐസ്‌ക്രീമിൽ കണ്ടെത്തിയ വിരൽ ഫാക്ടറി ജീവനക്കാരന്റേത്? പരിശോധന
വിരൽ കണ്ടെത്തിയ ഐസ്‌ക്രീം പാക്ക് ചെയ്ത ദിവസം ജീവനക്കാരന് കൈവിരലിന് പരിക്ക് പറ്റിയിരുന്നു
മുംബൈ: മുംബൈയിൽ ഐസ്‌ക്രീമിൽ വിരൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. വിരൽ യമ്മോ എന്ന ഐസ്‌ക്രീം ബ്രാൻഡിന്റെ ഫാക്ടറി ജീവനക്കാരന്റേതാണെന്നാണ് സൂചന. സ്ഥിരീകരണത്തിനായി പൊലീസ് സാമ്പിളുകൾ ഡിഎൻഎ ടെസ്റ്റിനയച്ചു.
കമ്പനിയുടെ പൂനെയിലെ ഫാക്ടറിയിലുള്ള ജീവനക്കാരന് അപകടത്തിൽ കൈവിരലിന് മുറിവേറ്റിരുന്നു. വിരൽ കണ്ടെത്തിയ ഐസ്‌ക്രീം പാക്ക് ചെയ്ത ദിവസമായിരുന്നു ഇത്. ഇതോടയാണ് വിരൽ ഫാക്ടറി ജീവനക്കാരന്റേതാകാം എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. പരിശോധനാഫലം പുറത്തെത്തിയാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
മുംബൈയിലെ ഓർലം ബ്രാൻഡൺ എന്ന ഡോക്ടർക്കാണ് ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ നിന്ന് വിരൽ ലഭിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ വായിൽ എന്തോ തടഞ്ഞതിനെ തുടർന്ന് നോക്കിയപ്പോൾ വിരലിന്റെ കഷണം കണ്ടെത്തുകയായിരുന്നു. തുടർന്ന് മലാഡ് പൊലീസിൽ ഇദ്ദേഹം പരാതി നൽകി.
നഖവും മറ്റുമായി ഐസ്‌ക്രീമിൽ നിന്ന് വിരൽ പൊന്തിനിൽക്കുന്ന ഫോട്ടോയുമായി വാർത്ത പുറത്തെത്തിയതോടെ വ്യാപകമായി വിമർശനങ്ങളുമുയർന്നു. സംഭവത്തിൽ ഐസ്‌ക്രീം കമ്പനിയുടെ ലൈസൻസ് ഫൂഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് ഓഫ് ഇന്ത്യ ( എഫ്എസ്എസ്എഐ) സസ്‌പെൻഡ് ചെയ്തിരുന്നു. യമ്മോയ്‌ക്കെതിരെ പൊലീസ് കേസുമെടുത്തിട്ടുണ്ട്.