'ബി.ജെ.പിയിൽ ജനാധിപത്യം അവസാനിച്ചിരിക്കുന്നു'; മധ്യപ്രദേശിൽ ബി.ജെ.പി മുൻ എം.എൽ.എ കോൺഗ്രസിൽ ചേർന്നു
സിറ്റിങ് എം.എൽ.എയും നിയമസഭാ സ്പീക്കറായ സീതാശരൺ ശർമയുടെ സഹോദരനാണ് ഗിരിജ ശങ്കർ ശർമ്മ
ഭോപ്പാൽ: മധ്യപ്രദേശിൽ ബി.ജെ.പി മുൻ എം.എൽ.എ കോൺഗ്രസിൽ ചേർന്നു. നർമ്മദാപുരം ജില്ലയിൽ നിന്ന് രണ്ട് തവണ എം.എൽ.എയായ ഗിരിജ ശങ്കർ ശർമ്മയാണ് കോൺഗ്രസിൽ ചേർന്നത്.73 കാരനായ ഇദ്ദേഹത്തോടൊപ്പം ബിജെപിയുടെ ടികംഗഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭക്തി തിവാരിയടക്കം നിരവധി പേര്‍ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.
''ബിജെപിയിൽ ജനാധിപത്യം അവസാനിച്ചതിനാലാണ് ഞാൻ ആ പാർട്ടി വിട്ടത്. അവിടെ മുഖസ്തുതി സംസ്‌കാരം തഴച്ചുവളരുകയാണെന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം സ്വീകരിച്ച ശേഷം ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പതിറ്റാണ്ടുകളായി ബി.ജെ.പി അനുഭാവ കുടുംബമാണ് ശർമ്മയുടേത്. 2003 ലും 2008 ലുമാണ് ഹൊഷംഗബാദ് എം.എൽ.എയായത്. ശർമ്മ ഒമ്പത് ദിവസം മുമ്പ് ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ സീതാശരൺ ശർമ മധ്യപ്രദേശ് നിയമസഭാ സ്പീക്കറാണ്. സീതാശരൺ ശർമ ഹോഷംഗാബാദ് മണ്ഡലത്തിൽ നിന്ന് അഞ്ചുതവണ ബി.ജെ.പി ടിക്കറ്റിൽ എം.എൽ.എയായിട്ടുണ്ട്. ഈ വർഷം അവസാനം മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് കോൺഗ്രസിലേക്കുള്ള കൂടുമാറ്റം. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥാണ് ഗിരിജ ശങ്കർ ശർമ്മക്ക് പാർട്ടി അംഗത്വം നൽകിയത്.
ദിവസങ്ങൾക്ക് മുമ്പ്, ബി.ജെ.പി എം.എൽ.എ വീരേന്ദ്ര രഘുവംശയും മുൻ എം.എൽ.എ ഭൻവർ സിംഗ് ഷെഖാവതും 10 ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു.