ആഴ്ചയില്‍ നാലു പ്രവൃത്തിദിനം, പുതിയ ശമ്പളഘടന; തൊഴില്‍ മേഖലയില്‍ വമ്പന്‍ പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം
നിലവിലെ തൊഴില്‍ ഘടനയില്‍ പൊതുവായ നിരവധി മാറ്റങ്ങള്‍ വന്നേക്കും
ന്യൂഡല്‍ഹി: ശമ്പളം, സാമൂഹ്യസുരക്ഷ, തൊഴില്‍ സുരക്ഷ, വ്യവസായ ബന്ധം, തൊഴില്‍ സ്ഥിതിയും ആരോഗ്യവും തുടങ്ങിയ മേഖലയില്‍ സമൂല പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ മേഖലയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നാലു തൊഴില്‍ കോഡുകള്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലു പ്രവൃത്തി ദിവസങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരം.
പുതിയ കോഡുകള്‍ നിലവില്‍ വന്നാല്‍ ജീവനക്കാരുടെ ശമ്പളം, ജോലി സമയം, പ്രവൃത്തിദിവസം തുടങ്ങിയവയില്‍ വലിയ മാറ്റം വരും. കരടുനിയമങ്ങള്‍ക്ക് കേന്ദ്രം അന്തിമരൂപം നല്‍കിയിട്ടുണ്ട്. തൊഴില്‍ കണ്‍കറണ്ട് ലിസ്റ്റില്‍ പെട്ട വിഷയമായതു കൊണ്ട് സംസ്ഥാനങ്ങളാണ് ഇതിന് ചട്ടക്കൂടുണ്ടാക്കേണ്ടത്.
നാലു ദിവസങ്ങളിൽ തൊഴിലാളികൾ പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്യേണ്ടി വരും. ആഴ്ചയിൽ 48 മണിക്കൂറാകും തൊഴിൽ. മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ, തൊഴിലുടമകൾ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കേണ്ടതായി വരും. ഇതോടെ ഗ്രാറ്റുവിറ്റി പേയ്മെന്റുകളും പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള ജീവനക്കാരുടെ സംഭാവനയും ഉയരും. ജീവനക്കാരുടെ കൈകളിൽ ലഭിക്കുന്ന ശമ്പളം കുറയും. ചട്ടത്തിന്റെ കരട് നിയമങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് കഴിഞ്ഞയാഴ്ച രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.
നിലവില്‍ 13 സംസ്ഥാനങ്ങിളില്‍ ഇതിന്റെ കരട് രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനോടകം നാല് തൊഴില്‍ ചട്ടങ്ങളിലും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതി സംസ്ഥാനങ്ങളും ഒറ്റയടിക്ക് നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു.