ബിഹാറിൽ ഉവൈസിക്ക് വൻ തിരിച്ചടി: അഞ്ച് എം.എൽ.എമാരിൽ നാലു പേരും ആർ.ജെ.ഡിയിൽ ചേർന്നു
80 എംഎൽഎമാരുള്ള ആർജെഡി ബിഹാർ വിധാൻസഭയിലെ ഏറ്റവും വലിയ കക്ഷിയായി ഉയർന്നു. 77 എം.എല്‍.എമാരുമായി ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്.
പറ്റ്ന: ബിഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എ.ഐ.എം.എം.എമ്മിന് (ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ) വൻ തിരിച്ചടി. പാർട്ടിയുടെ അഞ്ച് എം.എൽ.എമാരിൽ നാലു പേരും ലാലുപ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ ചേർന്നു.
ജോക്കിഹാത്ത് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷാനവാസ് ആലം, ബഹദാര്‍പൂരില്‍ നിന്നുള്ള മുഹമ്മദ് അൻസാർ നയീമി, കൊച്ചാദമാനില്‍ നിന്നുള്ള മുഹമ്മദ് ഇസ്ഹാർ അസ്ഫി, ബൈസിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് റുക്നുദ്ദീൻ അഹമ്മദ് എന്നിവരാണ് ആർ.ജെ.ഡിയിൽ ചേർന്ന നാല് എം.എൽ.എമാർ. ഇതോടെ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ മാത്രമായി. അമൂറില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അക്തറുൽ ഇമാൻ മാത്രമാണ് ബീഹാറിൽ പാര്‍ട്ടിയുടെ എം.എല്‍.എ. ഇദ്ദേഹമാണ് നിയമസഭയിലെ പാര്‍ട്ടി നേതാവും.
ഇതോടെ 80 എം.എൽ.എമാരുള്ള ആർ.ജെ.ഡി ബിഹാർ വിധാൻസഭയിലെ ഏറ്റവും വലിയ കക്ഷിയായി ഉയർന്നു. 77 എം.എല്‍.എമാരുമായി ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം, പ്രതിപക്ഷ നേതാവും ആർ.ജെ.ഡി നേതാവുമായ തേജസ്വി പ്രസാദ് യാദവിനൊപ്പം ഈ നാല് പേരും സ്പീക്കർ വിജയ് കുമാർ സിൻഹയ്ക്ക് കത്ത് നൽകുകയും തങ്ങളുടെ ഗ്രൂപ്പിനെ ആർ.ജെ.ഡിയിൽ ലയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പിന്നാലെ നാല് എം.എൽ.എമാരും ആർ.ജെ.ഡി നേതാവ് റാബ്‌റി ദേവിയുടെ വസതിയായ 10, സർക്കുലർ റോഡിൽ എത്തി. തേജസ്വി യാദവ് ഇവരെ സ്വീകരിച്ചു, പാര്‍ട്ടി പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള കിഷൻഗഞ്ച്, അരാരിയ, പൂർണിയ ജില്ലകൾ ഉൾപ്പെടുന്ന ബീഹാറിലെ സീമാഞ്ചൽ മേഖലയിൽ നിന്നാണ് 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം നേട്ടമുണ്ടാക്കിയത്. ഈ അഞ്ച് പേരും ഈ മേഖലയിൽ നിന്നുള്ളവരാണ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് അഞ്ച് സീറ്റുകൾ എ.ഐ.എം.എം. നേടുന്നതും. കിഷൻഗഞ്ച്, പൂർണിയ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് സീറ്റുകളും അരാരിയയിൽ നിന്ന് ഒരു സീറ്റുമാണ് പാര്‍ട്ടി സ്വന്തമാക്കിയത്.
ഇക്കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചെങ്കിലും ഒരൊറ്റ സീറ്റിലും വിജയിക്കാനായിരുന്നില്ല. ഇതിൽ പാർട്ടിയിൽ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം എം.എൽ.എമാർ കൂടുമാറിയതിൽ ഉവൈസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Summary- Bihar: Four MLAs of Asaduddin Owaisi's AIMIM join Lalu Prasad's RJD