'സത്യം ജയിക്കും'; അന്വേഷണത്തെ സ്വാഗതം ചെയ്ത് ഗൗതം അദാനി
റിട്ട: ജഡ്ജി അഭയ് മനോഹർ സപ്രെ അധ്യക്ഷനായ സമിതിയെയാണ് കോടതി നിയോഗിച്ചത്.
ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഓഹരി ഇടപാടിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ ഉത്തരവിട്ട സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് ഗൗതം അദാനി. 'ഇത് സമയബന്ധിതമായി അന്തിമഫലം കൊണ്ടുവരും, സത്യം ജയിക്കും'-അദാനി ട്വീറ്റ് ചെയ്തു.
The Adani Group welcomes the order of the Hon'ble Supreme Court. It will bring finality in a time bound manner. Truth will prevail.
— Gautam Adani (@gautam_adani) March 2, 2023
റിട്ട: ജഡ്ജി അഭയ് മനോഹർ സാപ്രെ അധ്യക്ഷനായ സമിതിയെയാണ് കോടതി നിയോഗിച്ചത്. കെ.വി കാമത്ത്, ഒ.പി ഭട്ട്, നന്ദൻ നിലേകനി, റിട്ട: ജഡ്ജി ജെ.പി ദേവ്ധർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഓഹരി നിക്ഷേപകർക്കുണ്ടായ കോടികളുടെ നഷ്ടത്തിൽ കോടതി നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സമിതി സ്ഥിതിഗതികൾ മൊത്തത്തിൽ വിലയിരുത്തുകയും നിക്ഷേപകരെ ബോധവത്കരിക്കാനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യുമെന്ന് സുപ്രിംകോടതി പറഞ്ഞു.
നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)ക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.