കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ ഗെഹ്‍ലോട്ടില്ല? മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജി വെക്കുമെന്ന് മുന്നറിയിപ്പ് നൽകി ഗെഹ്‍ലോട്ട് പക്ഷത്തെ 82 എംഎൽഎമാർ സ്പീക്കർ സി പി ജോഷിയുടെ വസതിയിലെത്തി
ജയ്പൂര്‍: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പിന്മാറിയേക്കും. മുഖ്യമന്ത്രിയായി തന്നെ ഗെഹ്ലോട്ട് തുടരുമെന്നാണ് വിവരം. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജി വെക്കുമെന്ന് മുന്നറിയിപ്പ് നൽകി ഗെഹ്‍ലോട്ട് പക്ഷത്തെ 82 എംഎൽഎമാർ സ്പീക്കർ സി പി ജോഷിയുടെ വസതിയിലെത്തി. രാജസ്ഥാനിലെ സംഭവ വികാസങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയാണുള്ളത്.
കൂടിയാലോചനകൾ ഇല്ലാതെ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗെഹലോട്ട് തീരുമാനമെടുത്തതിൽ ഗെഹ്‍ലോട്ട് പക്ഷത്തെ എംഎൽഎമാർ അതൃപ്തി അറിയിച്ചു. ആറു മാസം മുമ്പ് ഗെഹലോട്ടിനെതിരെ വിമതനീക്കം നടത്തിയ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും പറയുന്നത്.
അശോക് ഗെഹലോട്ട് മുഖ്യമന്ത്രി പദത്തിൽ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരനാക്കുകയോ വേണമെന്നാണ് ഗെഹലോട്ട് പക്ഷക്കാരുടെ വാദം. നിയമസഭാ കക്ഷിയോഗത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനൊപ്പം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയെ സോണിയാ ഗാന്ധി നിരീക്ഷകനായി നിയോഗിച്ചിരുന്നു. എന്നാൽ ഇവരെ സാക്ഷിയാക്കി വൻ രാഷ്ട്രീയ നാടകമാണ് രാജസ്ഥാനിൽ നടക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെയാണ് ഹൈക്കമാൻഡ് നിർദേശിക്കുന്നത്. എന്നാൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയില്ലാതെ സച്ചിൻ പൈലറ്റ് എങ്ങനെ മുഖ്യമന്ത്രിയാകുമെന്നാണ് ഗെഹലോട്ട് പക്ഷത്തിന്റെ ചോദ്യം. ഭിന്നത പരിഹരിക്കാതെ സച്ചിനെ മുഖ്യമന്ത്രിയാക്കിയാക്കിയാൽ രാജസ്ഥാനിലും പഞ്ചാബിന് സമാനമായ സ്ഥിതി ആവർത്തിക്കുമോയെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.