20 രൂപക്ക് പൂരിയും വെജിറ്റബിള്‍ കറിയും അച്ചാറും; ജനറല്‍ കോച്ചിലെ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണമൊരുക്കി റെയില്‍വെ
50 രൂപയുടെ കോംബോ പാക്കേജില്‍ ഇതിനൊപ്പം കൂടുതല്‍ സ്നാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഡല്‍ഹി: ജനറല്‍ കമ്പാര്‍ട്ട്മെന്‍റിലെ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണമൊരുക്കി ഇന്ത്യന്‍ റെയില്‍വെ. 'എക്കണോമി മീല്‍' പ്രകാരമാണ് യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണം നൽകുന്നത്. 20 രൂപ നല്‍കിയാല്‍ വയറു നിറച്ച് ഭക്ഷണം കഴിക്കാം.
പൂരി,വെജിറ്റബിള്‍ കറി, അച്ചാര്‍ എന്നിവ അടങ്ങിയ ഭക്ഷണ പായ്ക്കറ്റിന് 20 രൂപ നല്‍കിയാല്‍ മതി. 50 രൂപയുടെ കോംബോ പാക്കേജില്‍ ഇതിനൊപ്പം കൂടുതല്‍ സ്നാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചോറ്, രാജ്മ, ഛോലെ, കിച്ചടി കുല്‍ച, ബട്ടൂര, പാവ് ഭാജി, മസാല ദോശ എന്നിവയാണ് ഇതില്‍. ജനറല്‍ കോച്ചുകള്‍ക്ക് അടുത്തുള്ള പ്ലാറ്റ്‌ഫോമിൽ സ്ഥാപിക്കുന്ന കൗണ്ടറുകൾ വഴി ഇക്കോണമി മീൽസും മിതമായ നിരക്കിൽ പാക്കേജ് ചെയ്ത കുടിവെള്ളവും ലഭ്യമാക്കാൻ റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സാധാരണയായി മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകൾ ഉൾപ്പെടെ എല്ലാ ട്രെയിനുകളിലും കുറഞ്ഞത് രണ്ട് ജനറല്‍ കോച്ചുകളെങ്കിലും ഒന്ന് ലോക്കോമോട്ടീവിന് അടുത്തും ഒന്ന് ട്രെയിനിന്‍റെ അവസാനത്തിലും ഉണ്ടായിരിക്കും.
പ്ലാറ്റ്‌ഫോമുകളിലെ ജിഎസ് കോച്ചുകളുടെ സ്ഥാനവുമായി ബന്ധപ്പെട്ട് ഈ കൗണ്ടറുകൾ വിന്യസിക്കുന്നതിനായി റെയിൽവേ സോണുകളാണ് ഭക്ഷണ കൗണ്ടറുകളുടെ സ്ഥാനം തീരുമാനിക്കേണ്ടത്.ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോമുകളിൽ ഈ വിപുലമായ സേവന കൗണ്ടറുകൾ ലഭ്യമാക്കുന്നത്.നിലവിൽ 51 സ്റ്റേഷനുകളിൽ ഭക്ഷണ കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ ഇത് 13 സ്റ്റേഷനുകളിൽ കൂടി ലഭ്യമാകും.കൗണ്ടറുകളിലൂടെ 200 മി.ലി കുടിവെള്ളവും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ പറഞ്ഞു.