കോവിഡ് എങ്ങും പോയിട്ടില്ല.. ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല, വാക്സിനെടുത്തവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്രം

കേരളത്തിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ, കോവിഡിന്‍റെ അന്തർസംസ്ഥാന വ്യാപനം തടയാൻ മതിയായ നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

Update: 2021-09-02 13:06 GMT
Advertising

ആഘോഷങ്ങളിൽ ആൾക്കൂട്ടം പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിൻ സ്വീകരിച്ചവരും മാസ്ക് ധരിക്കണം. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ആളുകൾ വലിയ തോതിൽ ഒത്തുകൂടാതെ ദീപാവലി, ഗണേഷ് ചതുർഥി പോലുള്ള ആഘോഷങ്ങൾ വീട്ടിൽ ആഘോഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നിയന്ത്രിതമായി ആഘോഷിക്കണമെന്നാണ് കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടത്.

രാജ്യത്ത് രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ കുറവില്ല. ഇന്നത്തെ 47,092 പുതിയ കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിലാണ്. കേരളത്തിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ, കോവിഡിന്‍റെ അന്തർസംസ്ഥാന വ്യാപനം തടയാൻ മതിയായ നടപടികൾ കൈക്കൊള്ളണമെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നിര്‍ദേശിച്ചു. തമിഴ്നാടിനും കര്‍ണാടകയ്ക്കുമാണ് നിര്‍ദേശം നല്‍കിയത്. കേരളത്തോട് ചേര്‍ന്നുള്ള ജില്ലകളിൽ വാക്സിനേഷൻ വർധിപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

66.2 കോടി ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. മുതിര്‍ന്നവരില്‍ 54 ശതമാനത്തിന് ആദ്യ ഡോസും 16 ശതമാനത്തിന് രണ്ട് ഡോസും ലഭിച്ചു. ഇന്ത്യയില്‍ ഇതുവരെ 3.29 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചു. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതൽ പേര്‍ക്ക് കോവിഡ് ബാധിച്ചത് ഇന്ത്യയിലാണ്. രാജ്യത്തെ ആകെ കോവിഡ് മരണം 4.39 ലക്ഷത്തിലധികമായി.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News