ബിജെപിക്ക് വഴിവെട്ടിയ 'ഗ്രാൻഡ് ട്രങ്ക് റോഡ്'; കോണ്‍ഗ്രസിന് പിഴച്ചതവിടെ

ജാട്ടുകൾക്കും യാദവന്മാർക്കും വലിയ സ്വാധീനമുള്ള മറ്റ് ഹരിയാന ഭൂപ്രദേശങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ജിടി റോഡിന്റെ ജനസംഖ്യാശാസ്ത്രം. കർഷകരാണ് ഹരിയാനയുടെ ഹൃദയമെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു വരുമ്പോൾ ജിടി റോഡിന്റെ ഓരങ്ങളിലുള്ള നഗര-വ്യാപാര സമൂഹം വലിയ നിർണായകശക്തിയായി വരുന്നു

Update: 2024-10-08 08:01 GMT
Editor : Shaheer | By : Shaheer
Advertising

ചണ്ഡിഗഢ്: ഏഷ്യയിലെ ഏറ്റവും പഴയതും നീളമേറിയതുമായ സഞ്ചാരപാതകളിലൊന്നാണ് ജിടി റോഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗ്രാൻഡ് ട്രങ്ക് റോഡ്. നൂറ്റാണ്ടുകളായി മധ്യേഷ്യയെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന പാത കൂടിയാണത്. ബംഗ്ലാദേശിലെ തെക്‌നാഫിൽനിന്ന് ആരംഭിച്ച് മ്യാന്മർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്ന്, പശ്ചിമ ബംഗാളും ജാർഖണ്ഡും ബിഹാറും ഉത്തർപ്രദേശും ഹരിയാനയും ഡൽഹിയും പിന്നിട്ട് പാകിസ്താനിലെ ലാഹോർ, പെഷവാർ വഴി കാബൂളിലെത്തി നിൽക്കുന്നതാണ് ഈ ദീർഘമായ റോഡ്. ഏകദേശം 3,655 കി.മീറ്റർ ദൂരം വരുന്ന ഈ പാതയ്ക്ക് ഹരിയാനയുടെ രാഷ്ട്രീയഭൂപടത്തിലും വലിയ പ്രാധാന്യമുണ്ട്. ചരിത്രത്തിലാദ്യമായി ബിജെപി സംസ്ഥാനത്ത് മൂന്നാമൂഴം ഉറപ്പിക്കുമ്പോൾ അതിലൊരു നിർണായക പങ്ക് ഈ പാതയ്ക്കുമുണ്ട്.

ഹരിയാനയിൽ ആറ് ജില്ലകളെ കീറിമുറിച്ചാണ് ജിടി റോഡ് കടന്നുപോകുന്നത്. ഇത്രയും ജില്ലകളിലായി 25 നിയമസഭാ മണ്ഡലങ്ങളും ഈ പാതയുടെ ഭാഗമായി വരുന്നുണ്ട്. അംബാല, പാനിപത്ത്, കർണാൽ, സോനിപത് തുടങ്ങിയ പ്രധാന നഗരങ്ങളെല്ലാം ഇതിൽ ഉൾപ്പെടും. അംബാല സിറ്റി, അംബാല കന്റോൺമെന്റ്, മുലാന, രദൗർ, നരൈൻഗഢ്, സധൗര, ഷാഹ്ബാദ്, യമുനനഗർ, കർണാൽ, പാനിപത് റൂറൽ, പാനിപത് സിറ്റി, സമൽക്ക, കൽക, പഞ്ച്കുള, ഇസ്രാന, ഇന്ദ്രി എന്നിവയാണ് ജിടി റോഡ് ബെൽറ്റിലെ പ്രധാന നിയമസഭാ മണ്ഡലങ്ങൾ.

ഏതാനും വർഷങ്ങളായി ബിജെപിയുടെ ശക്തികേന്ദ്രമാണ് ഗ്രാൻഡ് ട്രങ്ക് റോഡ്. ജാട്ടുകൾക്കും യാദവന്മാർക്കും വലിയ സ്വാധീനമുള്ള മറ്റ് ഹരിയാന ഭൂപ്രദേശങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ജിടി റോഡിന്റെ ജനസംഖ്യാശാസ്ത്രം. ഇതുതന്നെയാണ് ബിജെപിയെ എന്നും തുണച്ച പ്രധാന ഘടകവും. ഒബിസി, ബ്രാഹ്‌മണ-ബനിയ-ഖത്രി സവർണ ജാതി സമൂഹങ്ങളാണ് ഇവിടത്തെ പ്രധാന വോട്ട് ബാങ്ക്. ബഹുഭൂരിഭാഗവും വ്യാപാരികളും വ്യവസായികളും.

കർഷകരാണ് ഹരിയാനയുടെ ഹൃദയമെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു വരുമ്പോൾ ജിടി റോഡിന്റെ ഓരങ്ങളിലുള്ള നഗര-വ്യാപാര സമൂഹം നിർണായകശക്തിയായി വരും. വ്യാപാരവും വാണിജ്യ സംരംഭങ്ങളുമായി ഈ മേഖലയിൽ കുടിയേറിപ്പാർത്തവരേറെയുണ്ട്. വളരെ മുൻപ് തന്നെ ഇവിടെ അധിവസിച്ചുവരുന്ന വലിയൊരു ബിസിനസ് സമൂഹവുമുണ്ട്. കർഷകരാണ് വാർത്തകളിലും ജനശ്രദ്ധയിലുമെല്ലാം ഹരിയാനയുടെ മുഖമായി വരുന്നതെങ്കിലും തെരഞ്ഞെടുപ്പിലെ ഈ ജിടി റോഡ് അടിയൊഴുക്ക് അധികമത്ര ശ്രദ്ധിക്കപ്പെടാറില്ല.

കർഷകരോഷവും അഗ്നിപഥ് പ്രതിഷേധവുമെല്ലാം ആഞ്ഞടിച്ചിട്ടും ശക്തമായ ഭരണവിരുദ്ധ വികാരം ഹരിയാനയുടെ അടിത്തട്ടിൽ നിലനിന്നിട്ടും എന്തുകൊണ്ട് ബിജെപിക്ക് മൂന്നാമൂഴം ലഭിച്ചു എന്നതിനുള്ള ഉത്തരം ജിടി റോഡ് നൽകുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം ഏറെക്കുറെ അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഗ്രാൻഡ് ട്രങ്ക് റോഡ് ബെൽറ്റ് ഒരിക്കൽ കൂടി ബിജെപിയുടെ കോട്ട കാക്കുന്നതാണു കാണുന്നത്. 25 മണ്ഡലങ്ങളിൽ 13 ഇടത്തും ബിജെപി മുന്നേറ്റം തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനാർഥി നയാബ് സിങ് സൈനി മത്സരിക്കുന്ന ലാദ്‌വയും ഇതിൽ ഉൾപ്പെടും.

2019ൽ ബിജെപിക്ക് ലഭിച്ചത് 13 സീറ്റാണ്. കോൺഗ്രസ് വിജയിച്ചത് ഒൻപതിടത്തും. ഇത്തവണ അത് ഏഴായി ചുരുങ്ങുമെന്നാണു ഫലസൂചനകൾ പറയുന്നത്. കോൺഗ്രസിന്റെ കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്കൊന്നും മേഖലയിലെ ബിജെപി അടിത്തറയിളക്കാനായിട്ടില്ലെന്നു വ്യക്തം.

2009ൽ നാല് സീറ്റ് മാത്രം ഉണ്ടായിരുന്നിടത്തുനിന്ന്, ജിടി റോഡ് ഒന്നാകെ ബിജെപി തൂത്തുവാരുന്ന സർപ്രൈസ് കാഴ്ചയ്ക്കാണ് 2014ലെ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷിയായത്. 21 സീറ്റാണ് അന്ന് ഈ മേഖലയിൽനിന്നു മാത്രം ബിജെപി വാരിയത്. കോൺഗ്രസിനു ലഭിച്ചത് വെറും രണ്ട് സീറ്റ്. 2019ലെ ഭരണവിരുദ്ധ വികാരത്തിൽ പക്ഷേ ബിജെപി കുലുങ്ങി. 13 സീറ്റിലേക്കു ചുരുങ്ങി ഭരണകക്ഷി. ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയുടെ പിന്തുണയിൽ കഷ്ടിച്ചു ഭരണം പിടിക്കുകയായിരുന്നു അന്ന് ഖട്ടാറിന്റെ നേതൃത്വത്തിൽ ബിജെപി.

2019നു സമാനമായൊരു ട്രെൻഡാണ് ഇത്തവണയും കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരം ജിടി റോഡിലെ ബിജെപിയുടെ അടിവേരറുക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. ജിടി റോഡിലെ ബിജെപി കോട്ട തകർക്കുമെന്ന പ്രതീക്ഷയായിരുന്നു കോൺഗ്രസ് നേതാക്കളെല്ലാം പങ്കുവച്ചിരുന്നത്. 2005ലെ കോൺഗ്രസ് തരംഗം ആവർത്തിക്കുമെന്നായിരുന്നു നേതൃത്വം ആവർത്തിച്ചുപറഞ്ഞിരുന്നത്. ജിഎസ്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിലും വ്യവസായ വിരുദ്ധ നയങ്ങളിലും ജിടി റോഡിലെ ബിസിനസ് സമൂഹവും മനംമടുത്തിരിക്കുകയാണെന്നും അവകാശവാദങ്ങളുണ്ടായിരുന്നു.

എന്നാൽ, കോൺഗ്രസിന്റെയും രാഷ്ട്രീയനിരീക്ഷകരുടെയുമെല്ലാം കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ് ഈ ജനവിധിയിലൂടെ ഹരിയാനയിലെ വോട്ടർമാർ. ഖട്ടാറിനെ മാറ്റി നയാബ് സിങ് സൈനിയെ ഇറക്കിയ ബിജെപിയുടെ തന്ത്രം ഫലം കണ്ടെന്നാണു തെരഞ്ഞടുപ്പ് ഫലം വിളിച്ചുപറയുന്നത്. സിറ്റിങ് എംഎൽഎമാരിൽ 11 പേരെ മാറ്റിനിർത്തിയ നീക്കവും വിജയത്തിൽ നിർണായകമായെന്നു കരുതേണ്ടിവരും.

Summary: Once again Grand Trunk Road makes BJP's route clear in Haryana

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Shaheer

contributor

Similar News