യു.പിയിൽ വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ട ട്രാഫിക് പൊലീസുകാരനെ യുവാവ് തട്ടിക്കൊണ്ടുപോയി
രണ്ട് വർഷങ്ങൾക്ക് മുമ്പ് ഹരിയാനയിലെ ഗുരുഗ്രാമിലെ ഷോറൂമിൽ നിന്ന് മോഷ്ടിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ കാറിലാണ് പ്രതിയായ സച്ചിൻ റാവൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ടെസ്റ്റ് ഡ്രൈവിനായി വാങ്ങിയ കാറുമായി ഇയാൾ കടന്നുകളയുകയായിരുന്നു.
പരിശോധനക്കായി വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ട ട്രാഫിക് പൊലീസുകാരനെ യുവാവ് തട്ടിക്കൊണ്ടുപോയി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. 29കാരനായ സച്ചിൻ റാവൽ എന്ന യുവാവാണ് പൊലീസുകാരനെ തട്ടിക്കൊണ്ടുപോയത്.
ഞായറാഴ്ച രാവിലെ പൊലീസുകാർ വാഹനപരിശോധന നടത്തുന്നതിനിടെ വീരേന്ദ്ര സിങ് എന്ന കോൺസ്റ്റബിൾ വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ യുവാവ് പൊലീസുകാരനോട് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാരൻ കാറിൽ കയറിയതോടെ ബലം പ്രയോഗിച്ച് ഡോർ അടച്ച യുവാവ് അതിവേഗത്തിൽ കാറോടിച്ച് പോവുകയായിരുന്നു. 10 കിലോ മീറ്ററോളം ദൂരം പിന്നിട്ട ശേഷം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തുവെച്ച് പൊലീസുകാരനെ പുറത്തേക്കിട്ടു.
രണ്ട് വർഷങ്ങൾക്ക് മുമ്പ് ഹരിയാനയിലെ ഗുരുഗ്രാമിലെ ഷോറൂമിൽ നിന്ന് മോഷ്ടിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ കാറിലാണ് പ്രതിയായ സച്ചിൻ റാവൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ടെസ്റ്റ് ഡ്രൈവിനായി വാങ്ങിയ കാറുമായി ഇയാൾ കടന്നുകളയുകയായിരുന്നു.
റാവൽ ഗ്രേറ്റർ നോയിഡയിലെ ഗോദി ബച്ചേഡ ഗ്രാമത്തിലെ താമസക്കാരനാണ്. മോഷ്ടിച്ച ശേഷം വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് ഇയാൾ വാഹനമോടിച്ചിരുന്നത്. ഇതേ ഗ്രാമത്തിൽ തന്നെയുള്ള മറ്റൊരാളുടെ കാറിന്റെ നമ്പറാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
പ്രതിയായ സച്ചിൻ റാവലിനെ ഞായറാഴ്ച വൈകീട്ട് തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഐ.പി.സി 364, 353, 368 എന്നീ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.