ഹവായ് ചെരിപ്പിടുന്നവരും വിമാനത്തിൽ കയറുന്ന രാജ്യമായി ഇന്ത്യ മാറി: മോദി
'എട്ട് വർഷം ഒമ്പത് കോടി സ്ത്രീകൾക്ക് സൗജന്യപാചക വാതക കണക്ഷൻ നൽകി'
ഡൽഹി: എല്ലാവരെയും ഉൾകൊണ്ടുള്ള വളർച്ചയും വളർച്ചയിൽ എല്ലാവരെയും ഉൾക്കൊള്ളലുമാണ് കേന്ദ്ര സർക്കാറിന്റെ അടിസ്ഥാന തത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സബ്കാ സാഥ് സബ്കാ വികാസ് എന്ന് താൻപറയുന്നത് ഇത് തന്നെയാണെന്നും മോദി കൂട്ടിച്ചേർത്തു. അരുൺ ജെയ്റ്റ്ലി അനുസ്മരണ പ്രഭാഷണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ കേന്ദ്രമന്ത്രി രാജ്യത്തിന് നൽകിയ അമൂല്യമായ സംഭാവനകളെ മാനിച്ച് ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.
'20 വർഷം സർക്കാറിനെ നയിച്ച ഒരാളെന്ന നിലയിൽ താനിത് പഠിച്ചതാണ്. ഹവായ് ചെരിപ്പിടുന്നവരും വിമാനത്തിൽ കയറുന്ന രാജ്യമായി ഇന്ത്യ മാറി. എട്ട് വർഷം ഒമ്പത് കോടി സ്ത്രീകൾക്ക് സൗജന്യപാചക വാതക കണക്ഷൻ നൽകി. 10 കോടി കക്കൂസുകൾ നിർമിച്ചു നൽകി. 45 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കി. 50 കോടി പാവങ്ങൾക്ക് അഞ്ച് ലക്ഷം രൂപവരെ ചെലവുള്ള ചികിത്സ സൗജന്യമാക്കിയതും ആയുഷ്മാൻ ഭാരതിലൂടെ 3.5 കോടി പേർക്ക് സൗജന്യ ചികിത്സ നൽകിയതും ഇതിനുള്ള ഉദാഹരണങ്ങളാണെന്ന് മോദി പറഞ്ഞു.
'2014ന് മുമ്പ് 10 വർഷത്തിനുള്ളിൽ ശരാശരി 50 മെഡിക്കൽ കോളേജുകൾ സ്ഥാപിക്കപ്പെട്ടിരുന്ന സ്ഥാനത്ത് കഴിഞ്ഞ ഏഴ്-എട്ട് വർഷത്തിനിടെ 209 മെഡിക്കൽ കോളേജുകൾ നിര്‍മിച്ചു. കഴിഞ്ഞ ഏഴ്-എട്ട് വർഷത്തിനിടെ ബിരുദ മെഡിക്കൽ സീറ്റുകളുടെ എണ്ണം 75 ശതമാനം വർധിച്ചതായും വാർഷിക മെഡിക്കൽ സീറ്റുകളുടെ എണ്ണം ഇരട്ടിയായതായും മോദി പറഞ്ഞു.
അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ,സിംഗപ്പൂർ സർക്കാരിലെ മുതിർന്ന മന്ത്രി തർമൻ ഷൺമുഖരത്നം എന്നിവർ പ്രഭാഷണം നടത്തി.