തൃണമൂൽ കോൺഗ്രസ് നേതാവും പാർലമെൻ്റംഗവുമായ എസ്.കെ നൂറുൽ ഇസ്‍ലാം അന്തരിച്ചു
ബസിർഹട്ടിൽ നിന്നുള്ള എംപിയാണ്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പാർലമെൻ്റംഗവുമായ എസ്.കെ നൂറുൽ ഇസ്‍ലാം അന്തരിച്ചു. 61 വയസായിരുന്നു. പശ്ചിമ ബംഗാളിലെ ബസിർഹട്ടിൽ നിന്നുള്ള എംപിയാണ്. ദത്തപുക്കൂറിലെ വസതിയിലായിരുന്നു അന്ത്യം. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു.
നൂറുൽ ഇസ്‍ലാമിന്റെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി. സഹപ്രവർത്തകന്റെ വിയോഗം ഏറെ ദുഃഖമുണ്ടാക്കുന്നതാണെന്നും പിന്നാക്ക മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി കഠിനമായി പരിശ്രമിച്ച നേതാവായിരുന്നു എന്ന് മമത എക്സിൽ കുറിച്ചു. ബസിർഹട്ടിലെ ജനങ്ങൾക്ക് അദ്ദേഹത്തിൻ്റെ നേതൃത്വം നഷ്ടമാകും. അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുച്ചേരുന്നു. മമത പറഞ്ഞു.
സന്ദേശ്ഖാലി ലൈംഗിക ചൂഷണവും ഭൂമി കയ്യേറ്റവും വിവാദമായതോടെ സിറ്റിങ് എംപിയായ നുസ്രത്ത് ജഹാനെ ഒഴിവാക്കി നൂറുൽ ഇസ്‍ലാമിന് പാർട്ടി സീറ്റ് നൽകുകയായിരുന്നു. 2009 മുതൽ 2014 വരെയും ബസിർഹട്ട് എംപിയായി പ്രവർത്തിച്ചു. നോർത്ത് 24 പർഗാനാസിലെ ഹരോവയിൽ നിന്നുള്ള നിയമസഭാംഗമായി പ്രവർത്തിക്കവേയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംപിയായത്.