കാലിക്കടത്ത് ആരോപിച്ച് കൊലപാതകം; പ്രതികളെ പിടികൂടാതെ പൊലീസ്
കേസിലെ ഒമ്പത് പ്രതികളിൽ ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടാൻ സാധിച്ചത്
കാലിക്കടത്ത് ആരോപിച്ച് ഹരിയാനയിൽ മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം. കൊലപാതകം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിലാണ് പ്രതിഷേധം. കേസിലെ ഒമ്പത് പ്രതികളിൽ ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടാൻ സാധിച്ചത്.
കേസ് അന്വേഷണത്തിൽ പൊലീസ് വീഴ്ചവരുത്തുകയും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കുടുംബം ആരോപിച്ചു. ഒളിവിൽ കഴിയുന്ന പ്രതികളായ ബജ്‌റംഗൾ പ്രവർത്തർക്കായി തെരച്ചിൽ ഊർജിതമായി തുടരുന്നുണ്ടെന്ന് പൊലീസ് പറയുമ്പോയും പ്രതികളെ കുറച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ട ജുനൈദിന്‍റെയും നാസിറിന്‍റെയും രാജസ്ഥാനനിലെ ഗ്രാമത്തിലെ പ്രതിഷേധത്തിന് നിരവധിപ്പേരാണ് പിന്തുണയുമായി എത്തുന്നത്.
എന്നാൽ, ഗ്രാമത്തിൽ നടക്കുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണം കത്ത് നൽകി.കുടുംബങ്ങൾക്ക് നീതി ആവശ്യപ്പെട്ട് ഹരിയാനയിലെ നൂഹിൽ വെള്ളിയാഴ്ച വൻ റാലി നടന്നിരുന്നു. ജുമുഅ നമസ്കാരത്തിന് ശേഷം ആയിരങ്ങളായിരുന്നു തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചത്. ഇതേ തുടർന്ന് ഇന്നലെ ജില്ലായിൽ മൂന്ന് ദിവസം സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചു. കൂടുതൽ പ്രതിഷേധം ഉയരാൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയിലാണ് നൂഹ്. കേന്ദ്രസേനയെ വരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. രാജസ്ഥാൻ -ഹരിയാന പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.