ഹരിയാന നിയമസഭ പിരിച്ചുവിട്ടു; കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ സഭാസമ്മേളനം വിളിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്

ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനുള്ള തീവ്രശ്രമമാണ് നീക്കത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

Update: 2024-09-13 02:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചണ്ഡീഗഡ്: സംസ്ഥാന നിയമസഭ പിരിച്ചുവിടാനുള്ള ഹരിയാന മന്ത്രിസഭയുടെ ശിപാര്‍ശക്ക് പിന്നാലെ  ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ വ്യാഴാഴ്ച ഹരിയാന വിധാൻ സഭ പിരിച്ചുവിട്ടു.ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനുള്ള തീവ്രശ്രമമാണ് നീക്കത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

2024 മാർച്ച് 13 നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ്ശേഷം നിയമസഭാ സമ്മേളനം വിളിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ ഹരിയാന ഗവർണർ ഇന്ന് നിയമസഭ പിരിച്ചുവിട്ടുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സില്‍ കുറിച്ചു. എംഎല്‍എമാര്‍ നിയമസഭയിലെത്തിയാല്‍ സഭയിൽ ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് ഒരിക്കൽക്കൂടി തെളിയുമായിരുന്നു എന്നതിനാലാണ് നിയമസഭാ സമ്മേളനം ആറ് മാസത്തേക്ക് വിളിക്കാതിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവിധി തനിക്ക് അനുകൂലമല്ലെന്ന് അറിഞ്ഞുകൊണ്ടാണ് നയാബ് സിങ് സൈനി മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നതെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. അധികാരത്തിൽ പിടിമുറുക്കാതെ എങ്ങനെ നിലനിൽക്കുമെന്ന് മനസിലാക്കാത്ത പാർട്ടി ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നും രമേശ് പറഞ്ഞു. എന്നാൽ ഒക്‌ടോബർ എട്ടിന് ശേഷം പുതിയ യാഥാർഥ്യവുമായി പൊരുത്തപ്പെടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബര്‍ 3നാണ് ഹരിയാന നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. നിയമസഭ പിരിച്ചുവിടാനുള്ള ഗവർണറുടെ നീക്കത്തിന് ശേഷം പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ സൈനി സർക്കാർ കാവൽ സർക്കാരായി തുടരുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഹരിയാന നിയമസഭയുടെ അവസാന സമ്മേളനം മാര്‍ച്ച് 13ന് നടന്നപ്പോള്‍ സൈനി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയിരുന്നു. അടുത്ത സെഷന്‍ സെപ്തംബര്‍ 12നകം വിളിക്കേണ്ടതായിരുന്നു. ഒക്ടോബര്‍ 5നാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 8നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News