ഹരിയാന തെരഞ്ഞെടുപ്പ്: പുതിയ തന്ത്രങ്ങളുമായി തിരിച്ചുവരാനൊരുങ്ങി കോൺഗ്രസ്, ഹാട്രിക് വിജയം ലക്ഷ്യമിട്ട് ബിജെപി
67 സ്ഥാനാർഥികളടങ്ങുന്ന ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി, കോൺഗ്രസിന്റേത് ഉടൻ
ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പുതിയ ഗോദയാണ് ഹരിയാനയിൽ സജീവമാകുന്നത്. നാളിതുവരെ കണ്ടിട്ടില്ലാത്ത പുത്തൻ തന്ത്രം മെനയുകയാണ് കോൺഗ്രസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. തന്ത്രങ്ങൾ വിജയിച്ചാൽ ശക്തമായ തിരിച്ചുവരവു കൂടിയാകും പാർട്ടിയുടേത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും അഞ്ച് സീറ്റിൽ വീതമാണ് വിജയിച്ചത്. വോട്ടുശതമാനത്തിൽ കോൺഗ്രസിനായിരുന്നു മുൻതൂക്കം.
കാർഷിക വിഷയം മുതൽ ഗുസ്തി താരങ്ങളുടെ പോരാട്ടം വരെ അനുകുലമാക്കിയുള്ള മെഡൽ നേട്ടമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഗുസ്തി താരങ്ങളുടെ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവരെ ഉൾപ്പെടെ കൂടെക്കൂട്ടി പ്രചാരണം ശക്തമാക്കാനുള്ള കോൺഗ്രസ് ശ്രമം അതിന്റെ ഭാഗമാണ്. ഇരുവരും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടികാഴ്ച നടത്തിയത് ഇതിന്റെ തുടക്കമാണെന്ന നിഗമനത്തിൽ തെറ്റില്ല. ഹരിയാനയിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനുള്ള അന്തിമ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇരുവരും രാഹുലിനെ കണ്ടത് എന്ന പ്രത്യേകതയും കൂടികാഴ്ച്ചക്കുണ്ട്. എന്നിരുന്നാലും സ്ഥാനാർഥി പട്ടിക പുറത്തുവന്നാൽ മാത്രമേ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകു.
ഹരിയാനയ്ക്കുവേണ്ടിയുള്ള പ്രകടന പത്രികയിൽ മേൽപറഞ്ഞ വിഷയങ്ങളെല്ലാം ഉൾക്കൊള്ളിച്ച് സാധാരണക്കാരെ ലക്ഷ്യമിടാൻ തന്നെയായിരിക്കും പാർട്ടിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് കോൺഗ്രസ് നടത്തിയ ഹരിയാന മാൻഗേ ഹിസാബ് (ഹരിയാനയ്ക്ക് കണക്കുകൾ ആവശ്യമുണ്ട്) എന്ന കാമ്പയിനിലൂടെ ലഭിച്ച 20 ലക്ഷം നിർദേശങ്ങളിൽ നിന്നാണ് പ്രകടന പത്രിക തയ്യാറാക്കുക. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിലെയും പരാമാവധി വീടുകളിൽ നേരിട്ടെത്തി വിവര ശേഖരണം നടത്തിയാണ് കോൺഗ്രസ് കാമ്പയിൻ പൂർത്തിയാക്കിയത്. സമൂഹത്തിലെ ഒട്ടുമിക്ക വിഭാഗങ്ങളേയും പ്രകടന പത്രികയിൽ ഉൾപ്പെടുത്താനുള്ള ശ്രമവും കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകും എന്നാണ് വിലയിരുത്തൽ.
ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കാനുള്ള തയാറെടുപ്പുകളും കോൺഗ്രസ് ആരംഭിച്ചുകഴിഞ്ഞു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യ ചർച്ചകൾ ഇതിന്റെ ഭാഗമാണ്. ഇരുപാർട്ടികളും ചേർന്ന് സഖ്യം രൂപീകരിക്കാമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം ആം ആദ്മി പാർട്ടി നേരത്തെ സ്വാഗതം ചെയ്തിരുന്നു. ബിജെപിയെ പരാജയപ്പെടുത്താൻ എന്തുവഴിയും സ്വീകരിക്കുമെന്ന് എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ നിർദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എ എപി എംപി സഞ്ജയ് സിങും പറഞ്ഞിരുന്നു. എഎപിക്ക് പുറമെ സമാജ് വാദി പാർട്ടി, ഇടതുപക്ഷം എന്നിവയെയും കൂടെ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കങ്ങളും സജീവമാണ്. എന്നാൽ ദേശീയ തലത്തിൽ കൈവരിച്ച ഐക്യം ഇൻഡ്യാ മുന്നണിക്ക് പ്രദേശിക തലത്തിലെത്തുമ്പോൾ നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്.
അതേ സമയം, കോൺഗ്രസ്-എഎപി സഖ്യത്തിന് വിജയിക്കാൻ സാധിക്കില്ലെന്ന പരിഹാസവുമായി ബിജെപി രംഗത്തുവന്നു. ഇരുവരുടേയും സഖ്യം വിജയിക്കില്ലെന്ന് ഡൽഹിയിൽ നാം കണ്ടതാണ്. അവർ എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ഇനി രാജ്യത്തെ ജനങ്ങളെ വഞ്ചിതരാക്കാൻ ഇവർക്ക് സാധിക്കില്ലെന്നും ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ബിജെപി ഇറങ്ങുന്നത്.
അതിനിടെ ഹരിയാന തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 90 മണ്ഡലങ്ങളിൽ 67 സ്ഥാനാർഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി നായബ് സിങ് സൈനിയും മുൻ ആഭ്യന്തരമന്ത്രി അനിൽ വിജും ആദ്യപട്ടികയിൽ ഇടം പിടിച്ചു. നായബ് സിങ് ലാഡ്‌വ മണ്ഡലത്തിൽ നിന്നും അനിൽ വിജ് അംബാല കന്റോൺമെന്റ് മണ്ഡലത്തിൽ നിന്നും ജനവിധി തേടും. 2009 മുതൽ തുടർച്ചായായി അംബാല മണ്ഡലത്തിൽ നിന്നാണ് വിജ് അംബാല നിയമസഭയിലെത്തിയത്. അംബാല മേയറും മുൻ കേന്ദ്രമന്ത്രിയുമായ വിനോദ് ശർമയുടെ ഭാര്യ ശക്തി റാണി ശർമ കൽക്ക നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. കോൺഗ്രസിൽ നിന്നെത്തിയ ശ്രുതി ചൗധരിയും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ വോട്ടെടുപ്പ്. അഞ്ചിനാണ് വോട്ടെണ്ണൽ. ഒക്ടോബർ ഒന്നിന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് ഒക്ടോബർ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.