കര്‍ഷക പ്രതിഷേധത്തിനു പിന്നില്‍ പഞ്ചാബ്, പൊലീസ് നടപടിയെ ന്യായീകരിച്ച് ഹരിയാന സര്‍ക്കാര്‍
കർഷകരോടുള്ള ഹരിയാന സർക്കാറിന്റെ സമീപനമാണ് പുറത്ത് വന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി.
ഹരിയാനയിലെ കർഷക പ്രതിഷേധങ്ങളിൽ പഞ്ചാബിന് പങ്കുണ്ടെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. പഞ്ചാബ് സർക്കാർ പല കാര്യങ്ങൾ പറഞ്ഞ് കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഹരിയാന സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങളിലൂടെ ഒന്നും നേടാനാകില്ലെന്ന് കർഷകർ മനസിലാക്കണം. സംസ്ഥാനത്തെ പ്രതിഷേധങ്ങളില്‍ പഞ്ചാബിന് പങ്കുള്ളതായും മനോഹർലാൽ ഖട്ടാർ പറഞ്ഞു.
കർഷകരോടുള്ള ഹരിയാന സർക്കാറിന്റെ സമീപനമാണ് ഖട്ടാറിന്റെ വാക്കുകളിൽകൂടി പുറത്ത് വന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് മറുപടി നൽകി. ഹരിയാനയിൽ കർഷകർക്ക് നേര ഉണ്ടായ ലാത്തി ചാർജിൽ പ്രതിഷേധിച്ച് കർഷകർ ഇന്ന് വിവിധ സ്ഥലങ്ങളിൽ മഹാപഞ്ചായത്ത് വിളിച്ചു ചേർത്തു.
പ്രതിഷേധിക്കുന്ന കർഷകരുടെ തല തല്ലിപ്പൊളിക്കാന്‍ കര്‍ണാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹ ഉന്നത പൊലീസുകാർക്ക് നിര്‍ദേശം നല്‍കിയതില്‍ കര്‍ഷക പ്രതിഷേധം ശക്തമായിരുന്നു. ആയുഷ് സിന്‍ഹ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്ന് കർഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിയെ ഹരിയാന മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. ക്രമസമാധാനം പാലിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു.