വിദ്വേഷ പ്രസംഗങ്ങളോട് മുഖം തിരിച്ച് മഹാരാഷ്ട്ര സര്‍ക്കാരും പൊലീസും; എങ്ങുമെത്താതെ കേസുകള്‍

കുറ്റപത്രം സമര്‍പ്പിക്കാതെ നിരവധി കേസുകള്‍

Update: 2024-09-22 13:36 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മുംബൈ: വിദ്വേഷ പരാമർശങ്ങളിൽ നടപടിയെടുക്കാതെ മഹാരാഷ്ട്ര സർക്കാർ. ബിജെപി- ശിവ്‌സേന (ഷിൻഡെ) - എൻസിപി (അജിത് പവാർ) സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് വിദ്വേഷ പ്രസംഗങ്ങളോട് മുഖം തിരിക്കുന്ന നടപടിയാണ് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

മുസ്‌ലിം വിഭാഗത്തിനെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയ സകാൽ ഹിന്ദു സമാജിനെതിരായ പരാതികളിൽ പോലും നടപടി എങ്ങുമെത്തിയില്ലെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. സകാൽ ഹിന്ദു സമാജിന്റെ റാലികളിൽ വിദ്വേഷ പരാമർശങ്ങൾക്കെതിരെ നടപടി വേണമെന്നും വിദ്വേഷ പ്രസംഗം തടയാൻ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിൽ സർക്കാരിന് വീഴ്ചപറ്റിയെന്നും റിപ്പോർട്ടിലുണ്ട്.

2023 ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 25 കേസുകളിലാണ് എഫ്‌ഐആർ എടുത്തത്. ഇതിൽ സകാൽ ഹിന്ദു സമാജിന്റെ റാലികളുമായി ബന്ധപ്പെട്ടവമാത്രം 16 എണ്ണമാണ്. സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ അറിയിച്ച ഈ കേസുകളിൽ പോലും തുടർനടപടികൾ നിലച്ചമട്ടാണ്.

ഈ 25 കേസുകളിൽ 19 എണ്ണത്തിലെങ്കിലും പോലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകളെ ബന്ധപ്പെടുത്തി റിപ്പോർട്ടിലുള്ളത്. 'സെൻസിറ്റീ'വായ ഈ കേസുകളിൽ പ്രോസിക്യൂഷനു വേണ്ടി സംസ്ഥാന സർക്കാരിന്റെ അനുമതി നോടാനുള്ള ശ്രമത്തിലാണെന്നാണ് ഇതിന് മറുപടിയായി പറയുന്നത്. 19 കേസിൽ എട്ടെണ്ണത്തിലും എംഎൽഎമാരും പൊതുപ്രവർത്തകരുമാണ് ഉൾപ്പെടുന്നതെന്നതാണ് മറ്റൊരു വസ്തുത. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ തന്നെ കുറ്റാരോപിതർക്കെതിരായ വിചാരണയോ മറ്റ് നിയമനടപടികളോ താൽകാലികമായി നിർത്തിവെച്ചിരിക്കയാണ്.

എസ്എച്ച്എസ് റാലിയുമായി ബന്ധപ്പെട്ട 16 കേസുകൾക്ക് പുറമെ പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരിക്കുന്ന മൂന്ന് എഫ്‌ഐആറുകളിൽ ജാതീയ അധിക്ഷേപങ്ങളും സമൂഹമാധ്യമത്തിലൂടെ ഛത്രപതി ശിവാജിക്കെതിരായ പരാമർശം നടത്തിയ കേസുമാണ് ഉൾപ്പെടുന്നത്.

അതേസമയം സംസ്ഥാനത്ത് അനുദിനമെന്നോണം വിദ്വേഷ പ്രസ്താവനകൾ നടക്കുമ്പോഴും ഇഴഞ്ഞു നീങ്ങുന്ന നിയമനടപടികളെ കുറിച്ചുള്ള ചോദ്യത്തിന് ന്യായീകരണമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ളത്. ഞങ്ങൾ നിയമത്തിന്റെ വഴിക്കാണ് നീങ്ങുന്നതെന്നാണ് വിഷയത്തിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രതികരണം.

തങ്ങളുടെ ഭാഗത്ത് പ്രശ്‌നങ്ങളില്ലെന്നും പ്രോസിക്യൂഷൻ അനുമതിക്കായി വിവരങ്ങൾ അയക്കുമ്പോൾ വേണ്ടത്രരേഖകൾ ചേർത്തിട്ടില്ലെങ്കിൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാറുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. അതേസമയം 2023ൽ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ആകെ 18 എഫ്‌ഐആറുകൾ മാത്രമാണ് പ്രോസിക്യൂഷൻ അനുമതിക്കായി സംസ്ഥാന സർക്കാരിന് അയച്ചതെന്നും 2024ൽ ഇതുവരെ ഒരെണ്ണം മാത്രമാണ് അയച്ചതെന്നും മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

മഹാരാഷ്ട്രയിലെ എസ്എച്ച്എസ് റാലിയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാധ്യമപ്രവർത്തകൻ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ റാലിയിൽ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രിംകോടതി സംസ്ഥാന സർക്കാരിനോട് കർശനമായി നിർദ്ദേശിക്കുകയും ലംഘിക്കുന്ന പക്ഷം കേസെടുക്കാനും ഉത്തരവിട്ടിരുന്നു.

ഒരുമാസത്തിനു ശേഷം സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് മാധ്യമപ്രവർത്തകൻ വീണ്ടും കോടതിയെ സമീപിക്കുകയും വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട 16 സംഭവങ്ങളുടെ പട്ടിക സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി 25 എഫ്‌ഐആറുകളുടെ പട്ടികയാണ് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News