ചീഫ് ജസ്റ്റിന്‍റെ വിരമിക്കല്‍ ദിന കേസുകളിലൊന്ന്: യോഗിക്കെതിരായ ഹരജി സുപ്രിം കോടതി തള്ളി
2007 ജനുവരി 27ന് ഗൊരഖ് പൂരില്‍ നടന്ന ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ പരിപാടിയില്‍ ആണ് യോഗി മുസ്‍ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗക്കേസില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ഹരജി സുപ്രിം കോടതി തള്ളി. 2007ലെ വിദ്വേഷ പ്രസംഗക്കേസിലാണ് യോഗിക്ക് ആശ്വാസമേകുന്ന വിധി സുപ്രിം കോടതിയില്‍ നിന്നുണ്ടായത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. വിരമിക്കല്‍ ദിനത്തിലെ രമണയുടെ അവസാന കേസുകളിലൊന്നായിരുന്നു ഇത്. ജസ്റ്റിസുമാരായ സി.ടി രവികുമാര്‍, ഹിമ കോഹ്ലി എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റു ജഡ്ജിമാര്‍. യോഗിക്കെതിരെ നടപടി എടുക്കുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അപ്പീല്‍ നിരസിക്കുകയാണെന്നുമാണ് വിധി പ്രസ്താവിക്കുന്നതിനിടെ ജസ്റ്റിസ് രവികുമാര്‍ പറഞ്ഞത്.
2007 ജനുവരി 27ന് ഗൊരഖ് പൂരില്‍ നടന്ന ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ പരിപാടിയില്‍ ആണ് യോഗി ആദിത്യനാഥ് മുസ്‍ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിനെതിരെ പര്‍വേസ് പര്‍വാസ് ആണ് ഹരജി നല്‍കിയത്. 2018 ഫെബ്രുവരി 22ന് അലഹബാദ് ഹൈക്കോടതി ഹരജി തള്ളിയതോടെയാണ് ഹരജിക്കാരന്‍ സുപ്രിം കോടതിയെ സമീപിച്ചത്.