'യോഗയിൽ വലിയവനായിരിക്കാം, എന്നാൽ മറ്റു സംവിധാനങ്ങളെ വിമർശിക്കരുത്'; ബാബ രാംദേവിനെതിരെ സുപ്രിംകോടതി
അലോപ്പതി മരുന്നുകൾ, കോവിഡ് വാക്സിനേഷൻ എന്നിവയ്ക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ വിമർശനം.
അലോപ്പതി ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ രീതികൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ യോഗാഗുരു ബാബാ രാംദേവിനെതിരെ സുപ്രിംകോടതി. ആയുർവേദത്തെ ജാനകീയമാക്കാൻ കാമ്പയിനുകൾ നടത്താം, എന്നാൽ അലോപ്പതി പോലുള്ള മറ്റ് സംവിധാനങ്ങളെ വിമർശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
'എന്തുകൊണ്ടാണ് ബാബാ രാംദേവ് അലോപ്പതി ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത്? അദ്ദേഹം പിന്തുടരുന്നത് എല്ലാം സുഖപ്പെടുത്തുമെന്ന് എന്താണ് ഉറപ്പ്?'- ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. 'യോഗ ജനകീയമാക്കിയ ആളായിരിക്കാം. നല്ലത്. പക്ഷേ മറ്റ് ചികിത്സാ രീതികളെ വിമർശിക്കരുത്'- സുപ്രിംകോടതി വ്യക്തമാക്കി.
അലോപ്പതി മരുന്നുകൾ, കോവിഡ് വാക്സിനേഷൻ എന്നിവയ്ക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ വിമർശനം.ഐഎംഎയുടെ ഹരജിയിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് നൽകി.
കഴിഞ്ഞ വർഷം, കോവിഡ് രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ "അലോപ്പതി മരുന്നുകൾ മൂലം ലക്ഷക്കണക്കിന് ആളുകൾ മരിച്ചു, ആവശ്യമായ ചികിത്സയോ ഓക്സിജനോ ലഭിക്കാത്തതിനാലാണ് മരണ നിരക്ക് കൂടിയത്"- എന്ന് രാംദേവ് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. അലോപ്പതിയെ 'വിഡ്ഢിത്തവും പാപ്പരത്തവും നിറഞ്ഞ ശാസ്ത്രം' എന്നാണ് രാംദേവ് വിശേഷിപ്പിച്ചത്. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷവും ഇന്ത്യയിൽ നിരവധി ഡോക്ടർമാർ മരിച്ചുവെന്നും രാംദേവ് ആരോപിച്ചിരുന്നു.
തെറ്റായ പ്രസ്താവനകൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വൈദ്യശാസ്ത്രത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്ത രാംദേവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടിയെടുക്കണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും ഐഎംഎ നേരത്തെയിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
മഹാമാരിയുടെ സമയത്ത് രോഗികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോഴും അലോപ്പതി, മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ പ്രശസ്തി രാംദേവ് നശിപ്പിച്ചുവെന്ന് ഐഎംഎ പറഞ്ഞു. തുടർന്ന് ആയുർവേദത്തെ കുറിച്ച് തെറ്റിദ്ധാരണജനകമായ പരാമർശങ്ങൾ നടത്തരുതെന്ന് ബാബാ രാംദേവിനോട് ഹൈക്കോടതി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.
പതഞ്ജലിയുടെ പരസ്യത്തിൽ കോവിഡിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ബാബാ രാംദേവിനെതിരെ ഡോക്ടർമാർ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് പോസിറ്റീവ് ആണെന്ന യോഗ ഗുരുവിന്റെ പ്രസ്‌താവനയും കോടതി ചൂണ്ടിക്കാട്ടി.
അത്തരം പ്രസ്താവനകൾ മറ്റ് രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധത്തെ ബാധിക്കുമെന്നും ആയുർവേദത്തെ മോശമാക്കാൻ കാരണമാകുമെന്നും ജസ്റ്റിസ് അനുപ് ജയറാം ഭാംബാൻ പറഞ്ഞിരുന്നു.