ഗോവയിൽ കോൺഗ്രസ് പിളർപ്പിലേക്ക്; പ്രതിപക്ഷ നേതാവിനെ മാറ്റി
മൈക്കിൾ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വസതിയിലെത്തി സന്ദർശിച്ചതിനു പിന്നാലെയാണു നടപടി
പനാജി: ഗോവയിൽ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു നീക്കി കോൺഗ്രസ്. മൈക്കിൾ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വസതിയിലെത്തി സന്ദർശിച്ചതിനു പിന്നാലെയാണു നടപടി. കോൺഗ്രസ് വിളിച്ച വാർത്താസമ്മേളനത്തിലും മൈക്കിൾ ലോബോ പങ്കെടുത്തിരുന്നില്ല.
ഗോവൻ കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേരാൻ എംഎൽഎമാർ ഒരുങ്ങുന്നതായാണ് സൂചന. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും പ്രശ്‌നപരിഹാരത്തിനായി വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും എംഎൽഎമാർ വിട്ടു നിന്നു . എന്നാൽ പാർട്ടിയിൽ നിന്നും ആരും കൊഴിഞ്ഞു പോകില്ലെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
ഇന്നലെ ചേർന്ന യോഗത്തിൽ നിന്നും ദിഗംബർ കമ്മത്ത് ഉൾപ്പടെയുള്ള നാല് എംഎൽഎമാർ ആണ് വിട്ടു നിന്നത് എങ്കിൽ ഇന്ന് നടന്ന യോഗത്തിൽ നിന്നും മറ്റ് മൂന്ന് എംഎൽഎമാർ കൂടി വിട്ടു നിന്ന്. ഇതോടെ ആകെയുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ ആറോളം പേര് പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി. പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, ദിഗംബർ കമ്മത്ത് എന്നിവരുടെ പേരുകളും പാർട്ടി വിട്ടേക്കാവുന്ന എംഎൽഎമാരുടെ പട്ടികയിൽ ഉണ്ട്. എന്നാൽ പാർട്ടി വിടുമെന്നത് കിംവദന്തി മാത്രമാണെന്ന് മൈക്കിൾ ലോബോ പ്രതികരിച്ചു.
ഇന്നലെ നടന്ന യോഗം താൻ അറിഞ്ഞില്ലെന്നാണ് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ദിഗംബർ കമ്മത്ത് പ്രതികരിച്ചത്. അതേസമയം ഒരു എംഎൽഎയും പാർട്ടി വിട്ട് പോകില്ലെന്നാണ് ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദിനേശ് ഗുണ്ടു റാവു അവകാശപ്പെടുന്നത്. നേതാക്കൾ പാർട്ടി വിടുമെന്ന പ്രചാരണം തള്ളിയ ഗോവൻ പിസിസി അധ്യക്ഷൻ അമിത് പട്കർ വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ ബിജെപി ആണെന്നും ആരോപിച്ചു.
എതിർപ്പുള്ള എംഎൽഎമാരെ അനുനയിപ്പിക്കാൻ ആണ് ഗോവയിൽ കോൺഗ്രസ് അടിയന്തര യോഗം ചേർന്നത്. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ചില എംഎൽഎമാർ യോഗത്തിൽ നിന്നും വിട്ട് നിന്നത് കോൺഗ്രസ് ക്യാംപിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതിനിടെ ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയായ കുൽദീപ് ബിഷ്‌ണോയ് ബിജെപിയിൽ ചേരാനുള്ള നീക്കത്തിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ധയെയും, അമിത് ഷായെയും സന്ദർശിച്ചു. രാജ്യസഭാ തെരഞ്ഞടുപ്പിൽ കാലുമാറിയ ബിഷ്‌ണൊയിയെ പാർട്ടി ചുമതലകളിൽ നിന്ന് കോൺഗ്രസ് നേരത്തെ ഒഴിവാക്കിയതാണ്.