ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ
57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടിൽ വോട്ടെടുപ്പ് നടക്കുക
ഡല്‍ഹി: 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ . 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടിൽ വോട്ടെടുപ്പ് നടക്കുക .അതേസമയം നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലാണ്.
ഉത്തര്‍പ്രദേശും പഞ്ചാബും അടക്കം 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലുമാണ് നാളെ വോട്ടെടുപ്പ്. 57 മണ്ഡലങ്ങളിലായി 904 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.നരേന്ദ്രമോദിയുടെ വാരണാസി ഉള്‍പ്പെടെ ഒട്ടേറെ വിഐപി മണ്ഡലങ്ങളും അവസാനഘട്ടത്തിലുണ്ട്. നരേന്ദ്ര മോദിക്ക് പുറമെ ബോളിവുഡ് നടി കങ്കണ റണാവത്ത്, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ലാലുപ്രസാദിന്റെ മകൾ മിർസ ഭാരതി തുടങ്ങിയവരും ജനവിധി തേടും.
2019ൽ 57 സീറ്റിൽ 32 സീറ്റിൽ എൻഡിഎ വിജയിച്ചപ്പോൾ യുപിഎക്ക് ലഭിച്ചത് 9 സീറ്റുകൾ മാത്രമാണ്. ബാക്കി 16 സീറ്റുകളിലായി തൃണമൂൽ കോൺഗ്രസ്, ബി.ജെ.ഡിയും വിജയിച്ചു. എന്നാൽ ഇത്തവണ മാറിയ രാഷ്ട്രീയ സാഹചര്യവും കർഷക സമരവും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ .അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ ധ്യാനത്തിലാണ്. നരേന്ദ്ര മോദി പെരുമാറ്റ ചട്ട ലംഘനം തുടരുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. വോട്ടെടുപ്പ് നടക്കുന്ന നാളെ ഇൻഡ്യ സഖ്യം ഡൽഹിയിൽ യോഗം ചേരും. വോട്ടെണ്ണൽ ദിവസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.