ഹിന്ദുക്കളുടെ എണ്ണം കുറയുന്നു; ഹൈന്ദവ കുടുംബങ്ങളില്‍ രണ്ടോ മൂന്നോ കുട്ടികള്‍ ഉണ്ടായിരിക്കണമെന്ന് വി.എച്ച്.പി നേതാവ്

ജനസംഖ്യ കുറഞ്ഞാൽ ഹിന്ദുക്കൾക്ക് പ്രതിസന്ധിയുണ്ടാകും

Update: 2022-01-14 06:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹിന്ദു യുവാക്കൾക്ക് വിവാഹശേഷം കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് വി.എച്ച്.പി നേതാവ് മിലിന്ദ് പരാണ്ഡെ. ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് അസ്തിത്വ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ഖാണ്ഡവയിൽ വി.എച്ച്.പിയും ബജ്‌റംഗ്ദളും സംഘടിപ്പിച്ച ഹിന്ദു യുവജന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മിലിന്ദ്. ഈയിടെ നടന്ന പരിപാടിയില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തിരുന്നു.

''വിവാഹം കഴിഞ്ഞാൽ ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണം എന്ന് ഓരോ യുവാവും ചിന്തിക്കണം. ജനസംഖ്യ കുറഞ്ഞാൽ ഹിന്ദുക്കൾക്ക് പ്രതിസന്ധിയുണ്ടാകും.അതിനാൽ, ഒരു വ്യക്തിക്ക് മാത്രമല്ല, സമൂഹത്തിന്‍റെ സംരക്ഷണത്തിനും ഓരോ ഹിന്ദു കുടുംബത്തിനും രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടായിരിക്കണം'' മിലിന്ദ് വ്യക്തമാക്കി. ഹിന്ദു സമൂഹം അവരുടെ ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും അതിനാലാണ് ബ്രിട്ടീഷ് കൊളോണിയൽ യജമാനന്മാർ അവരെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന ബന്ധം തകർക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർ ഒരു പുതിയ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവന്നു, അത് ഹിന്ദുക്കൾക്ക് അവരുടെ പൂർവ്വികരെയും ചരിത്രത്തെയും കുറിച്ച് ലജ്ജ തോന്നാന്‍ ഇടയാക്കി. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ അവർ തകർത്തു. പൂർവ്വികരെ ഓർത്ത് ലജ്ജിക്കുന്ന ഒരു സമൂഹവും അധികനാൾ നിലനിൽക്കില്ലെന്നും മിലിന്ദ് ചൂണ്ടിക്കാട്ടി.

ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മതപരിവര്‍ത്തനം അപകടകരമാം വിധം വര്‍ധിച്ചു. മുസ്‍ലിമുകളുടെ ജനസംഖ്യയും വർധിക്കുകയാണ്.ഹിന്ദു ജനസംഖ്യ കുറഞ്ഞാൽ രാജ്യത്തിന്‍റെ അഖണ്ഡതയ്‌ക്ക് ഭീഷണിയുണ്ടാകുന്നത് ചരിത്രത്തിലുണ്ട്.രാജ്യം വീണ്ടും വിഭജിക്കപ്പെടാതിരിക്കാൻ ഹിന്ദുക്കളുടെ എണ്ണം വര്‍ധിക്കേണ്ടതുണ്ടെന്നും മിലിന്ദ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News