ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ
തെലങ്കാനയിൽ മേദക് ജില്ലയിലെ മിൻഹാജുൽ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.
ഹൈദരാബാദ്: ബലിപെരുന്നാളിന് ബലിയർപ്പിക്കാൻ മൃഗങ്ങളെ കൊണ്ടുവന്നതിന് തെലങ്കാനയിൽ മദ്രസക്ക് നേരെ ആക്രമണം. മേദക് ജില്ലയിലെ മിൻഹാജുൽ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.
ബലിയർപ്പിക്കാനായി കഴിഞ്ഞ ദിവസം മദ്രസാ മാനേജ്‌മെന്റ് കന്നുകാലികളെ വാങ്ങിയിരുന്നു. മൃഗങ്ങളെ കൊണ്ടുവന്നതിന് പിന്നാലെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ മദ്രസയിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചുവിട്ടു.
എന്നാൽ ഒരു മണിക്കൂറിന് ശേഷം സംഘം വീണ്ടും മദ്രസയിലെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ മദ്രസയിലുണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും സംഘം ആക്രമണം നടത്തി.
സംഘർഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി മേദക് ജില്ലാ പ്രസിഡന്റ് ഗദ്ദാം ശ്രീനിവാസ്, ബി.ജെ.പി മേദക് ടൗൺ പ്രസിഡന്റ് എം. നയം പ്രസാദ്, യുവമോർച്ച പ്രസിഡന്റ് എന്നിവരേയും മറ്റു ഏഴ് ആളുകളെയും സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നൂറുകണക്കിന് ആർ.എസ്.എസ്, ഹിന്ദു വാഹിനി പ്രവർത്തകർ സംഘടിച്ചെത്തി മദ്രസ ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എം.ഐ.എം എംഎൽഎ കർവാൻ എം. കൗസർ മുഹ്‌യുദ്ദീൻ പറഞ്ഞു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളും അവർ ആക്രമിച്ചു തകർത്തെന്നും അദ്ദേഹം ആരോപിച്ചു.